ക്രിക്കറ്റ് എന്ന മതം, സച്ചിന്‍ എന്ന ദൈവം : മാങ്ങാത്തൊലി #
ഫെബ്രുവരി 18th, 2012 § ഒരു അഭിപ്രായം ഇടൂ
വളരെ നാളു കൂടി ഒരു ദിവസം ഒരു കൂട്ടുകാരനെ ഫോണ്‍ ചെയ്തപ്പോ അവന്‍ ആദ്യം ചോദിച്ച ചോദ്യം ഇതാണ് “എടാ, സ്കോര്‍ എന്തായി?” എന്ത് സ്കോര്‍ എന്ന് ഞാന്‍ ചോദിച്ചപ്പോ ഞാന്‍ ഏതാണ്ട് മഹാപാപം ചെയ്ത പോലെ ആണ് ഉത്തരം വന്നത്, “നീ ഇതൊന്നും അറിയുന്നില്ലേ, ഇന്നല്ലേ ഇന്ത്യ ഇംഗ്ലണ്ട് ഫൈനല്‍, നമ്മള് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു, നീ ഇത് ഏതു ലോകത്തിലാണ്?” അത് കഴിഞ്ഞപ്പോ തൊട്ടു ക്രിക്കറ്റിനെ പറ്റിയും സച്ചിനെ പറ്റിയും ഉള്ള കഥകള്‍ അനര്‍ഗനിര്‍ഗളം പ്രവഹിക്കുവായിരുന്നു. എല്ലാവരും ഒരു ഫോണ്‍ കാള്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന പോലെ ഞാനും “ആ….ഓ…അത് ശരി…..പിന്നെ വേറെ എന്തൊക്കെയുണ്ട് ?” എന്നൊക്കെ ചോദിച്ചു നോക്കിയെങ്കിലും അതൊന്നും ഏറ്റില്ല. ഒടുവില്‍ എങ്ങനെയൊക്കെയോ സംസാരം നിര്‍ത്തിയപ്പോ അറിയാതെ ആലോചിച്ചു പോയി; ഈശ്വരാ, തെണ്ടിയുടെ കത്തി കേട്ട് ചെവിയിന്നു ചോര വന്നു, ഈ പണ്ടാരം പിടിച്ച കളി കണ്ടു പിടിച്ച ഇംഗ്ലീഷുകാര്‍ക്ക് കുട്ടിയും കോലും കളിക്കുന്നതിനോടുള്ള താല്പര്യം പോലും ക്രിക്കറ്റിനോട് ഇല്ല (കളിക്കുന്ന 11 എണ്ണത്തെയും പിന്നെ അവന്മാരുടെ ശല്യം സഹിക്കാതെ കളി കാണാന്‍ പോകുന്ന ചില നിര്‍ഭാഗ്യവാന്മാരായ കൂട്ടുകാരെയും ഒഴിവാക്കിയിട്ടുണ്ട്, കൂട്ടുകാര് പോകുന്നത് ഒരു ദിവസം മുഴുവന്‍ തണുത്ത ബിയര്‍ കുടിച്ചു സമയം കളയാന്‍ ആണ്, അല്ലാതെ കളി കാണാന്‍ ഒന്നുമല്ല). പിന്നെ നമുക്ക് മാത്രം എന്തെ ഇത്ര കമ്പം?. ആലോചിച്ചപ്പോ ആകെ കിട്ടിയ ഒരേ ഒരു ഉത്തരം നമ്മള്‍ നന്നായി കളിക്കുന്ന ഒരേ ഒരു കളി ആണ് ക്രിക്കറ്റ് എന്നതാണ്. വേറെ പണി ഒന്നും ഇല്ലാത്ത കുറെ ആള്‍കാര് ഇത് കണ്ടോണ്ടിരിക്കുനത് കാണുമ്പോ തങ്ങളുടെ ആണത്തതിനും രാജ്യസ്നേഹത്തിനും കോട്ടം തട്ടരുതല്ലോ എന്ന് കരുതി കൂടെ കാണുന്ന ചിലരും കൂടെ ആകുമ്പോ എല്ലാം പൂര്‍ണം ആയി. വെറും peer pressure മാത്രം കാരണം ക്രിക്കറ്റ് കാണുന്ന എത്രയോ പേര് കൂട്ടത്തില്‍ കാണും, ക്രിക്കറ്റ് കാണാറില്ല എന്ന ഒരൊറ്റ കാരണം കൊണ്ട് സോഷ്യലൈസ് ചെയ്യാന്‍ വയ്യ എന്ന അവസ്ഥ ആകുമ്പോ ഇവര് തനിയെ ക്രിക്കറ്റ് കാണുകേം സച്ചിനെ പുകഴ്തുകേം ചെയ്യും. ഇവരും ഫേസ്ബുക്കില്‍ സച്ചിനെ ആരാധിക്കുന്ന കുറെ പടവും കൊടുക്കും. അത് കണ്ടാല്‍ പിന്നെ ബാക്കി ഉള്ളവര്‍ക്ക് വെറുതെ ഇരിക്കാന്‍ പറ്റുമോ, അവര് “Like” അടിച്ചു കളിക്കും. ഇല്ലേല്‍ രാജ്യദ്രോഹം അല്ലെ കുറ്റം!
ഹോക്കി ആണ് നമ്മുടെ നാഷണല്‍ ഗെയിം എന്ന് പണ്ട് പഠിച്ചതായി ഒരു ചെറിയ ഓര്‍മ. അത് ‘ചക് ദേ ഇന്ത്യ’ എന്ന സിനിമയില്‍ ഷാരൂക് ഖാന്‍ ഓര്‍മപ്പെടുത്തിയത് ഞാന്‍ മറന്നു പോയി. പിന്നെ എനിക്ക് ഈ സമയം കുറെ ഉള്ളത് കൊണ്ട് ചുമ്മാ ഗൂഗിള്‍ ചെയ്തു നോക്കിയപ്പോ ലോകത്തില്‍ ഏറ്റവും പ്രചാരമുള്ള കളി ആണ് ഫുട്ബോള്‍ എന്ന് മനസ്സിലാക്കാന്‍ പറ്റി. ലോകത്തില്‍ രണ്ടാമത്തെ പോപ്പുലര്‍ ആയിട്ടുള്ള കളി ആണ് ക്രിക്കറ്റ്, പക്ഷെ ഇന്ത്യയെ മാറ്റി നിര്‍ത്തിയാല്‍ അതിന്റെ സ്ഥാനം എവിടെ ആയിരിക്കും എന്നത് ആലോചിക്കാതിരിക്കാന്‍ പറ്റിയില്ല! അപ്പോഴാണ് അടുത്ത സംശയം, ലോകത്തിന്റെ ആറില്‍ ഒന്ന് ജനസംഖ്യ ഉള്ള ഒരു രാജ്യത്തില്‍ നിന്ന് 90 മിനിറ്റ് ഫുട്ബോള്‍ കളിക്കാന്‍ ശേഷി ഉള്ള വെറും പതിനൊന്നു പേരെ കണ്ടെത്താന്‍ നമുക്ക് ഇത് വരെ പറ്റിയില്ലേ, ഛെ! . ഉള്ളത് കൊണ്ട് ഓണം പോലെ എന്ന പോലെ ആണോ ഈ ക്രിക്കറ്റിനോടുള്ള അമിതആഭിമുഖ്യം? ഈ മനസ്സിന്റെ ഓരോ കാര്യം, വേണ്ടാത്ത ഓരോ ചിന്തകളും കൊണ്ട് ഇറങ്ങിക്കോളും ചുമ്മാ നാട്ടുകാരെ കൊണ്ട് രാജ്യദ്രോഹി എന്ന് വിളിപ്പിക്കാന്‍.
# സച്ചിന്‍ ഒരു നല്ല കളിക്കാരനല്ല എന്നോ ക്രിക്കറ്റ് ഒരു മണ്ടന്‍ കളിയാണ് എന്നോ അല്ല ഞാന്‍ പറഞ്ഞു വരുന്നത്. നമ്മള്‍ ഇതിനു അമിതമായ ഒരു പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്ന എന്റെ ഒരു ചെറിയ സംശയം മാത്രം ആണ് ഈ പോസ്റ്റിന്റെ പ്രചോദനം.
വിരോധാഭാസം അത്ര മോശം ആഭാസം ഒന്നുമല്ല
ഫെബ്രുവരി 3rd, 2012 § ഒരു അഭിപ്രായം ഇടൂ
രാവിലെ ഷേവ് ചെയ്യുമ്പോ തൊട്ടു ഈ ചോദ്യം മനസ്സില്‍ കിടക്കുവാണ്. നമ്മുടെ മൂക്കിന്റെ കീഴെ ചുണ്ടിനു മേലെ ആയി 2 വര പോലെ ഉള്ള സാധനം ഉണ്ടല്ലോ, അതിന്റെ പേരെന്താണ്, എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടിയില്ല, അത് കൊണ്ട് കുറച്ചു കൂടെ ബുദ്ധിയും വെവരോം ഉള്ളവരോട് ചോദിക്കാം എന്ന് കരുതി. അല്ല, ഷേവ് ചെയ്യുമ്പോ മുറിയാന്‍ സാധ്യത ഉള്ള ഒരു സ്ഥലമാണല്ലോ, ഏതേലും ദുര്‍ബല നിമിഷത്തില്‍ അങ്ങനെ സംഭവിച്ചാല്‍ ഡോക്ടറോട് എന്ത് പറയും ? ഡോക്ടറെ, വര മുറിഞ്ഞു എന്ന് പറയാന്‍ പറ്റുമോ?
ഇതിനെ പറ്റി ആലോചിച്ചോണ്ടിരിക്കുമ്പോള്‍ ആണ് വേറൊരു ചിന്ത കടന്നു വന്നത്. ഈ വിരോധാഭാസം എന്ന വാക്ക് ഒരു സംഭവം തന്നെ അല്ലെ, അതില് വിരോധവും ഇല്ല ആഭാസവും ഇല്ല, പിന്നെ എന്തിനാണ് ഈ പാവം വാക്കിനെ മനുഷ്യന്റെ ഏറ്റവും കൂതറയായ ഒരു വികാരത്തിന്റെ പേരിലും ആ വികാരത്തില്‍ നിന്നുണരുന്ന വാക്കുകളുടെയും പേരില്‍ ഇങ്ങനെ ക്രൂശിക്കുന്നത്, ഒരു ഭയങ്കര വിരോധാഭാസം തന്നെ അല്ലേ?
ഈ മനസ്സിന് ആണേല്‍ ഒരു മിനിറ്റ് റസ്റ്റ് എടുക്കാന്‍ നേരമില്ല, ഇത്രയും ഒക്കെ ആലോചിച്ചു ക്ഷീണിച്ചു ഇരിക്കുമ്പോ ദേ അടുത്ത ചോദ്യം കേറി വന്നിരിക്കുന്നു. ഈ സ്ത്രീലിംഗം എന്ന വാക്കിനെ എങ്ങനെ പിരിച്ചു എഴുതും? നമ്മുടെ ചെറിയ ബുദ്ധി ഉപയോഗിച്ച് ചെയ്തു നോക്കിയപ്പോ സ്ത്രീയുടെ ലിംഗം എന്നാന്നു കിട്ടിയത്. ഇത് വളരെ തെറ്റായ ഒരു പ്രയോഗം അല്ലെ? സ്ത്രീ സമത്വത്തെ പറ്റി ഘോരഘോരം പ്രസംഗിക്കുന്ന ആള്‍കാര് എന്ത് കൊണ്ട് ഈ അനീതിക്കെതിരെ പോരാടുന്നില്ല, അവര്‍ക്ക് വേണ്ടേല്‍ വേണ്ട (അല്ല, വേണേല്‍ വച്ചോ എന്നാണോ പറയേണ്ടത്?). പക്ഷെ മലയാള പണ്ഡിതന്മാരു പോലും എന്ത് കൊണ്ട് ഈ തെറ്റ് തിരുത്തിയില്ല?
മാനേജര്‍മാര്‍ എന്ന കന്നാലികള്‍
ഫെബ്രുവരി 1st, 2012 § 2അഭിപ്രായങ്ങള്‍
അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പുറത്തു കുതിര കേറാന്‍ നടക്കുന്ന കന്നാലികള്‍ എന്ന് കൂടെ ജോലി ചെയ്യുന്നവര്‍ വിളിക്കുന്ന (നേരിട്ടല്ല, കാരണം അപ്പ്രയിസല്‍ ഫോറം കോര്‍പ്പറേറ്റ് മല കയറുന്നത് ഈ അടിവാരം വഴി ആണല്ലോ) ഈ വിഭാഗത്തെ പറ്റി ഇന്ന് ഓര്‍ക്കാന്‍ കാരണം എന്റെ ഒരു പഴയ മാനേജരുടെ (ചിലരൊക്കെ ഇത് പോലെ ഉള്ള ആളുകളെ ടീം ലീഡര്‍ എന്ന പേരിലും അറിയും) ഹാപ്പി ബര്‍ത്ത്ഡേ ആണ് ഇന്ന്. പോയ ചില വര്‍ഷങ്ങളില്‍ ഈ ദിവസത്തില്‍ രാവിലെ ഒരു 70mm പുഞ്ചിരിയുമായി ഈ മാനേജരുടെ അടുത്ത് “മെനി മെനി ഹാപ്പി റിടേണ്‍സ് ഓഫ് ദി ഡേ മാഡം” എന്നൊക്കെ പറയേണ്ട ഹതഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്, അത് കൊണ്ടാ. ആളെ പറ്റി ആലോചിക്കുമ്പോ എന്താണെന്നറിയില്ല, BP പെട്ടെന്ന് കുതിച്ചു ചാടും, രക്തത്തില്‍ ധാര്‍മ്മികരോഷത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതിന്റെ ആണെന്ന് തോന്നുന്നു.
ഞാന്‍ ജോലിയില്‍ ചേര്‍ന്ന കാലത്ത് എല്ലാ ദിവസവും രാവിലെ വന്നു ചെറിയ ചിരിയും കളിയുമൊക്കെ ആയി ഈ മാനേജര്‍ ചോദിക്കും ഇന്ന് എന്താ ചെയ്യുന്നെ, ഭയങ്കര വര്‍ക്ക് പ്രഷര്‍ ആണോ എന്നൊക്കെ. ഹോ, വളരെ നല്ല മാനേജര്‍, ഇവരുടെ അടുത്ത് വന്നു പെട്ടത് ഭാഗ്യം എന്നൊക്കെ മസ്സില്‍ കരുതി നമ്മള്‍ സത്യം സത്യമായി എല്ലാം പറയുകേം ചെയ്യും. കുറച്ചു നേരം കഴിഞ്ഞാല്‍ ഒരു മെയില്‍ വരും, ഇന്ന് നീ ഇതൊക്കെ ആണ് ചെയ്യേണ്ടത് എന്നൊരു ലിസ്റ്റ്. ആളുടെ ബോസ്സിന് ഒരു Cc കാണും . ആദ്യമൊക്കെ ഞാന്‍ കരുതിയത് നമ്മള്‍ പുതിയ ആളായത് കൊണ്ട് ഉള്ള സ്നേഹത്തിന്റെ പുറത്തുള്ള ഒരു മേല്‍നോട്ടം ആയിരിക്കും ഇത് എന്നാണു. പക്ഷെ എന്താണെന്ന് അന്ന് എനിക്ക് മനസ്സിലായില്ല, കൂടെ ഉള്ളവര്‍ക്കൊന്നും ഇവരെ അത്ര പഥ്യം അല്ലായിരുന്നു. അത് അവരുടെ ഒരു അറിവില്ലായ്മ ആയി ഞാന്‍ അങ്ങോട്ട് ക്ഷമിച്ചു, എന്നോട് മാനേജര്‍ വളരെ ഡീസന്റ് ആണല്ലോ! നാളുകള്‍ പോകെപോകെ രാവിലെ ഉള്ള പഞ്ചാരവാക്കുകളുടെ മധുരം കുറഞ്ഞില്ലെങ്കിലും ഇമെയില്‍ ഭാഷയുടെ കാഠിന്യം കൂടി വരുന്നത് പോലെ എനിക്കൊരു സംശയം തോന്നി തുടങ്ങി, ചില വാക്കുകളില്‍ ഒരു കുറ്റപ്പെടുത്തലിന്റെ സ്വരം ഉണ്ടോ എന്ന് വരെ ശങ്കിച്ചു. ഏയ്, ഇതൊക്കെ വെറും തോന്നല്‍ ആണെന്ന് പറഞ്ഞു സ്വയം ആശ്വസിപ്പിച്ചു. ഇങ്ങനെ ഒക്കെ ആയി ആദ്യ വര്‍ഷത്തെ അപ്പ്രയിസല്‍ കഴിഞ്ഞു ഇറങ്ങിയ എന്റെ മോന്ത കണ്ട ഒരു ടീംമേറ്റ് ചോദിച്ചു, അവര് നിന്റെയും __യില്‍ അടിച്ചു തന്നു അല്ലെ, നിന്നോടൊക്കെ ആദ്യമേ പറഞ്ഞതല്ലേ ആ __ടെ പഞ്ചാരവാക്കില്‍ ഒന്നും വീഴരുത് എന്ന് . ഇത് കേട്ടതോടെ അവന്മാര്‍ക്ക് അവരെ അത്ര പിടിക്കാത്തതിന്റെ പൊരുള്‍ എനിക്ക് മനസ്സിലായി. എന്താണെന്നറിയില്ല, ചെറുപ്പം തൊട്ടേ അറിയാത്ത പിള്ളക്ക് ചൊറിയുമ്പോ അറിയും എന്ന് പറഞ്ഞ പോലാണ് നമ്മുടെ സ്ഥിതി.
എന്തായാലും ഹാപ്പി ബര്‍ത്ത്ഡേ മാഡം! പുതിയതായി വന്ന ഒരു പയ്യനോട് ഇന്ന് എന്താ പണി എന്ന് ചോദിക്കാന്‍ ടൈം ആയി..ഞാന്‍ പോകട്ടെ