കര്‍ദിനാള്‍ പിടിച്ച പുലിവാല്
ഫെബ്രുവരി 22nd, 2012 § ഒരു അഭിപ്രായം ഇടൂ
ആവശ്യമില്ലാത്ത അവസരങ്ങളില്‍ അഭിപ്രായം പറയാന്‍ ചെന്നാല്‍ ഇതാണ് കുഴപ്പം. റോമില്‍ ചെന്ന് കത്തോലിക്കാ സഭയുടെ അവിടെ ഉള്ള സെറ്റപ്പ് ഒക്കെ കണ്ടു കണ്ണ് തള്ളി നിക്കുമ്പോള്‍ ആണ് ഇറ്റലിക്കാരുടെ മുന്നില്‍ ഒന്ന് ആളാവാന്‍ അവസരം ദൈവമായി കാട്ടി തന്നത്. ഞാനും രണ്ടു ഡയലോഗ് അടിച്ചേക്കാം എന്ന് പാതിരി കരുതി കാണും, പക്ഷെ ഒരു നിലയും വിലയും ഒക്കെ ഉള്ള പദവിയില്‍ ഇരിക്കുമ്പോള്‍ നമ്മുടെ എല്ലാ വാക്കുകളും പ്രവൃത്തികളും നിരീക്ഷിക്കപ്പെടുന്നുണ്ട്, വഴി വിട്ടു പറഞ്ഞ വാക്കുകള്‍ ഒക്കെ എങ്ങനെ എങ്കിലും തിരിഞ്ഞു കടിക്കും എന്നൊക്കെ മനസ്സിലാക്കാന്‍ ഉള്ള ഒരു സാമാന്യ വിവരം ഇത്രയും കാലമായി കിട്ടിയില്ലേ നമ്മുടെ രാഷ്ട്രീയക്കാര്‍ക്കും മതനേതാക്കള്‍ക്കും?
ജുഡീഷ്യറി തീരുമാനിക്കേണ്ട വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് സ്വന്തം പദവി ദുര്‍വിനിയോഗം ചെയ്യുന്നതിന് തുല്യം തന്നെ ആണ്. സ്വന്തം അഭിപ്രായങ്ങള്‍ക്ക് വളരെ കുറഞ്ഞ പ്രചാരം മാത്രമുള്ള എന്നെയും നിങ്ങളെയും പോലെ ഉള്ള സാധാരണക്കാര്‍ പറയുന്ന പോലെ അല്ല ഇവര് പറഞ്ഞാല്‍ അതിനു ലഭിക്കുന്ന പ്രചാരം. ഇതിനു ഇവരെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല, ഇവരെ ഒക്കെ വിളിച്ചു ചോദ്യം ചോദിക്കുന്ന മീഡിയയും ഇവിടെ കുറ്റക്കാരാണ്. അപ്പൊ ഇവര്‍ക്കൊന്നും അഭിപ്രായസ്വാതന്ത്യം ഇല്ലേ എന്ന ചോദ്യം ഉയര്‍ന്നേക്കാം, ഇവരുടെ അഭിപ്രായങ്ങള്‍ക്ക് സാധാരണക്കാരുടെ അഭിപ്രായങ്ങളെക്കാള്‍ സ്വാധീനം ഉള്ളത് കൊണ്ട് അവര് അതിനു അനുസരിച്ച് പ്രവൃതിച്ചാല്‍ കൊള്ളാം എന്ന് മാത്രമേ ഈ പറഞ്ഞതിന് അര്‍ത്ഥമുള്ളൂ (കുറഞ്ഞ പക്ഷം പ്രസ് മീറ്റുകളിലും, റെക്കോര്‍ഡ് ചെയ്യപ്പെടുന്ന ഏതു സാഹചര്യത്തിലും). നമ്മുടെ നാട്ടില്‍ വിവാദങ്ങള്‍ വേണ്ടത്ര ഇല്ലാഞ്ഞിട്ടാണോ ഇങ്ങനെ ഓരോരുത്തര്‍ അവരുടെ വിവരക്കേട് കൊണ്ട് വിളിച്ചു പറയുന്ന കാര്യങ്ങളെ ഇങ്ങനെ ഊതിപ്പെരുപ്പിക്കുന്നത്?
കര്‍ദിനാള്‍ അഭിപ്രായം പറയുമ്പോ അതില്‍ കത്തോലിക്കന്‍ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയ ആ കമന്റ് ഒഴിവാക്കിയിരുന്ണേല്‍ ഈ പ്രശ്നം വല്ലോം ഉണ്ടോ? ഇതിപ്പോ പുള്ളി കാരണം സഭയുടെ മന്ത്രിമാര്‍ക്ക് മുണ്ടിനു തീ പിടിച്ച സ്ഥിതി ആയി, പക്ഷെ സഭയെ പിണക്കാന്‍ പറ്റുവോ, കഞ്ഞി തരുന്ന കൈക്ക് തിരിഞ്ഞു കടിക്കുന്ന ഏര്‍പ്പാടല്ലേ? സഭ പറഞ്ഞു, ചില ജനങ്ങള്‍ വോട്ട് ചെയ്തു, അവര് ജയിച്ചു, പക്ഷെ ഈ പറഞ്ഞ ഇലക്ഷനും മന്ത്രിയുടെ ശമ്പളവും, പിന്നെ ജീവിതകാലം മൊത്തം ഇവര്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങളും ഒക്കെ നമ്മള്‍ കൊടുക്കുന്ന ടാക്സ് ആണ് എന്നാലോചിക്കുമ്പോ ഇങ്ങനെ ഉള്ള കാര്യങ്ങളില്‍ മതനേതാക്കള്‍ തല ഇടുന്നത് ജനാധിപത്യവിരുദ്ധം അല്ലെ എന്നൊരു സംശയം? ഇങ്ങനെ ഉള്ള അവസരങ്ങളില്‍ സ്വമേധയാ നടപടി എടുക്കാന്‍ നമ്മുടെ നിയമത്തിനു കഴിയുമായിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോകുന്നു! എല്ലാ കാര്യങ്ങളും ഈ ജാതിയുടെയും മതത്തിന്റെയും ആംഗിളില്‍ കാണുന്നത് നാം എന്നാണു ഒന്ന് നിര്‍ത്തുക?
വായനോട്ടത്തിലേക്ക് ഒരു തുറിച്ചുനോട്ടം
ഫെബ്രുവരി 22nd, 2012 § ഒരു അഭിപ്രായം ഇടൂ
തുറിച്ചുനോട്ടം (staring) ഒരു ഒളിമ്പിക് മത്സരം ആയിരുന്നേല്‍ ഇന്ത്യകാര് എല്ലാ വര്‍ഷവും എല്ലാ മെഡലുകളും വാങ്ങിച്ചേനെ. നമ്മുടെ നാട്ടുകാരുടെ ഒരു ഇഷ്ട വിനോദം ആണ് വായനോട്ടം എന്നുള്ളതില്‍ അഭിപ്രായവ്യത്യാസങ്ങള്‍ കാണില്ലല്ലോ. ഇതിന്റെ നല്ല വശങ്ങളില്‍ നിന്നും തുടങ്ങാം, വായനോട്ടം ഇല്ലായിരുന്നെങ്കില്‍ നമ്മുടെ ബിസിനെസ്സും, സമ്പദ് വ്യവസ്ഥയും ഒക്കെ പണ്ടേ നിലം പൊത്തിയേനെ. ഈ സംഭവങ്ങള്‍ ഒക്കെ വായനോട്ടത്തിനോടു വളരെ അധികം കടപ്പെട്ടിരിക്കുന്നു എന്നത് ഒരു സത്യം ആണ്. ആള്‍കാര് നമ്മളെന്തു വസ്ത്രം ആണ് ധരിച്ചിരിക്കുന്നത്, എന്ത് ഷൂസ് ആണ് ഇട്ടിരിക്കുന്നത്, എന്ത് ഫോണ്‍ ആണ് ഉപയോഗിക്കുന്നത് എന്നൊക്കെ നോക്കുകയും അടുത്ത ദിവസം അത് പോലെ ഉള്ള ഒന്ന് മേടിക്കുകേം ചെയ്യുന്നത് കൊണ്ടാണല്ലോ ഒരു consumer economy ആയ ഇന്ത്യ ലോകത്തില്‍ recession കാലഘട്ടത്തിലും തെറ്റില്ലാതെ പിടിച്ചു നില്‍ക്കുന്നത്. ഒരു സിനിമ റിലീസ് ആകുമ്പോള്‍ അതിന്റെ പേരില്‍ ഉള്ള സാരികളും ചുരിദാറുകളും ഒക്കെ ഒരു ഫാഷന്‍ ആകുന്നതു ആള്‍കാര് ഇതൊക്കെ ശ്രദ്ധിക്കുന്നത് കൊണ്ടാണല്ലോ. അത് കൊണ്ട് ഇത് പൂര്‍ണമായും ഒരു മോശപ്പെട്ട ഏര്‍പ്പാടാണെന്ന് പറയാന്‍ വയ്യ. അപ്പുറത്തെ വീട്ടിലെ മേരിക്കുട്ടിയുടെ പുതിയ ചുരിദാറും ഹെയര്‍ സ്റ്റൈല്‍ഉം ഒക്കെ നോക്കുന്നതൊക്കെ കൊള്ളാം, പക്ഷെ ആ വായനോട്ടം പീഡനം ആയി മാറുന്നത് നോട്ടം വസ്ത്രത്തിലും ഫോണിലും, ഷൂസിലും ഒക്കെ ഒതുങ്ങാതെ ഇരിക്കുമ്പോള്‍ ആണ്.
ഏതേലും ഒരുത്തന്‍ നമ്മളെ കുറെ നേരം നോക്കിയാല്‍ നമ്മള് ചോദിക്കും “എന്താടാ *@!%^ ചെറയുന്നെ?” എന്ന്. പക്ഷെ ആണുങ്ങള്‍ക്ക് പെണ്ണുങ്ങളെ എങ്ങനെ വേണമെങ്കിലും നോക്കുന്നതില്‍ കുഴപ്പമില്ല. മറ്റൊരു ശ്രദ്ധേയമായ കാര്യം ആണ് ഒരു ആണ് ഒറ്റക്കാണ് ഒരു പെണ്ണിനെ കണ്ടു മുട്ടുന്നതെങ്കില്‍ അവനു നന്നായി പെരുമാറാന്‍ അറിയാം എന്നുള്ളത്, പക്ഷെ അത് തന്നെ കൂട്ടുകാരുടെ കൂടെ ആണെങ്കില്‍ എന്തേലും കമന്റ് അടി ഒക്കെ ഉണ്ടാകും, മനുഷ്യന്റെ ശീലങ്ങള്‍ വച്ച് നോക്കുമ്പോ ആള്‍ക്കാരുടെ ഇടയില്‍ നന്നായി പെരുമാറുക എന്നതാണല്ലോ ഒരു സാധാരണ ആയിട്ടുള്ള ട്രെന്‍ഡ്, ഈ കാര്യത്തില്‍ മാത്രം മറിച്ചാണ്. ഓരോ കൂട്ടുകാരികള്‍ ഇരുട്ടി കഴിഞ്ഞാല്‍ സ്വൈര്യമായി യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയും, സ്വസ്ഥമായി ട്രെയിനില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അനുഭവങ്ങളും ഒക്കെ പറയുമ്പോള്‍ കഷ്ടം തോന്നും. ഇന്ത്യയില്‍ ആദ്യമായി ചെന്ന foreigners ചിലപ്പോ നമ്മുടെ നാട്ടിലെ അനുഭവങ്ങളുടെ കെട്ടഴിക്കുമ്പോ ഇങ്ങനെ ഉള്ള ചില കറുത്ത അധ്യായങ്ങളും കടന്നു വരും, അപ്പൊ അപമാനം തോന്നും. ഏതൊരു പെണ്ണിനും ഏതു നേരത്തും പേടി ഇല്ലാതെ പുറത്തിറങ്ങി നടക്കാന്‍ പറ്റുന്ന ഒരു ഇന്ത്യ എന്നെങ്കിലും ഉണ്ടാകുമോ. നമ്മുടെ അമ്മമാരും, സഹോദരിമാരും ഒക്കെ ഈ കഷ്ടപ്പാട് സഹിച്ചു, ഇനി വരുന്ന തലമുറക്കെങ്കിലും സ്വസ്ഥമായി ഈ നാട്ടില്‍ ജീവിക്കാന്‍ പറ്റുമോ? ഇത് ഉറപ്പു വരുത്തേണ്ടത് ഇന്നത്തെ പൌരന്മാരായ നമ്മുടെ കടമ അല്ലെ? ഇത് പോലെ ഉള്ള ചില സംഘടനകള്‍ അതിനു വേണ്ടി ശ്രമിക്കുന്നു, എന്നെങ്കിലും അവരുടെ വിജയത്തിനായി കാത്തിരിക്കാം.
ഈ കാലത്ത് പെണ്‍ഭ്രൂണഹത്യ നടത്തുന്ന മാതാപിതാക്കളുടെ പ്രധാന ഭയം അവരെ കെട്ടിച്ചയക്കുന്നതിനെക്കാള്‍ അവരെ ഈ സമൂഹത്തില്‍ വളര്‍ത്തുന്നതിനെ പറ്റി ആയിരിക്കും! അങ്ങനെ നമ്മുടെ നാട്ടിലെ gender imbalance ഇനിയും ഉയരുമായിരിക്കാം. അതിനു ഇട വരുത്താതിരിക്കാന്‍ അടുത്ത കമന്റ് അടിക്കുമ്പോള്‍ ഒന്ന് ആലോചിക്കുക!
ക്രിക്കറ്റ് എന്ന മതം, സച്ചിന്‍ എന്ന ദൈവം : മാങ്ങാത്തൊലി #
ഫെബ്രുവരി 18th, 2012 § ഒരു അഭിപ്രായം ഇടൂ
വളരെ നാളു കൂടി ഒരു ദിവസം ഒരു കൂട്ടുകാരനെ ഫോണ്‍ ചെയ്തപ്പോ അവന്‍ ആദ്യം ചോദിച്ച ചോദ്യം ഇതാണ് “എടാ, സ്കോര്‍ എന്തായി?” എന്ത് സ്കോര്‍ എന്ന് ഞാന്‍ ചോദിച്ചപ്പോ ഞാന്‍ ഏതാണ്ട് മഹാപാപം ചെയ്ത പോലെ ആണ് ഉത്തരം വന്നത്, “നീ ഇതൊന്നും അറിയുന്നില്ലേ, ഇന്നല്ലേ ഇന്ത്യ ഇംഗ്ലണ്ട് ഫൈനല്‍, നമ്മള് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു, നീ ഇത് ഏതു ലോകത്തിലാണ്?” അത് കഴിഞ്ഞപ്പോ തൊട്ടു ക്രിക്കറ്റിനെ പറ്റിയും സച്ചിനെ പറ്റിയും ഉള്ള കഥകള്‍ അനര്‍ഗനിര്‍ഗളം പ്രവഹിക്കുവായിരുന്നു. എല്ലാവരും ഒരു ഫോണ്‍ കാള്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന പോലെ ഞാനും “ആ….ഓ…അത് ശരി…..പിന്നെ വേറെ എന്തൊക്കെയുണ്ട് ?” എന്നൊക്കെ ചോദിച്ചു നോക്കിയെങ്കിലും അതൊന്നും ഏറ്റില്ല. ഒടുവില്‍ എങ്ങനെയൊക്കെയോ സംസാരം നിര്‍ത്തിയപ്പോ അറിയാതെ ആലോചിച്ചു പോയി; ഈശ്വരാ, തെണ്ടിയുടെ കത്തി കേട്ട് ചെവിയിന്നു ചോര വന്നു, ഈ പണ്ടാരം പിടിച്ച കളി കണ്ടു പിടിച്ച ഇംഗ്ലീഷുകാര്‍ക്ക് കുട്ടിയും കോലും കളിക്കുന്നതിനോടുള്ള താല്പര്യം പോലും ക്രിക്കറ്റിനോട് ഇല്ല (കളിക്കുന്ന 11 എണ്ണത്തെയും പിന്നെ അവന്മാരുടെ ശല്യം സഹിക്കാതെ കളി കാണാന്‍ പോകുന്ന ചില നിര്‍ഭാഗ്യവാന്മാരായ കൂട്ടുകാരെയും ഒഴിവാക്കിയിട്ടുണ്ട്, കൂട്ടുകാര് പോകുന്നത് ഒരു ദിവസം മുഴുവന്‍ തണുത്ത ബിയര്‍ കുടിച്ചു സമയം കളയാന്‍ ആണ്, അല്ലാതെ കളി കാണാന്‍ ഒന്നുമല്ല). പിന്നെ നമുക്ക് മാത്രം എന്തെ ഇത്ര കമ്പം?. ആലോചിച്ചപ്പോ ആകെ കിട്ടിയ ഒരേ ഒരു ഉത്തരം നമ്മള്‍ നന്നായി കളിക്കുന്ന ഒരേ ഒരു കളി ആണ് ക്രിക്കറ്റ് എന്നതാണ്. വേറെ പണി ഒന്നും ഇല്ലാത്ത കുറെ ആള്‍കാര് ഇത് കണ്ടോണ്ടിരിക്കുനത് കാണുമ്പോ തങ്ങളുടെ ആണത്തതിനും രാജ്യസ്നേഹത്തിനും കോട്ടം തട്ടരുതല്ലോ എന്ന് കരുതി കൂടെ കാണുന്ന ചിലരും കൂടെ ആകുമ്പോ എല്ലാം പൂര്‍ണം ആയി. വെറും peer pressure മാത്രം കാരണം ക്രിക്കറ്റ് കാണുന്ന എത്രയോ പേര് കൂട്ടത്തില്‍ കാണും, ക്രിക്കറ്റ് കാണാറില്ല എന്ന ഒരൊറ്റ കാരണം കൊണ്ട് സോഷ്യലൈസ് ചെയ്യാന്‍ വയ്യ എന്ന അവസ്ഥ ആകുമ്പോ ഇവര് തനിയെ ക്രിക്കറ്റ് കാണുകേം സച്ചിനെ പുകഴ്തുകേം ചെയ്യും. ഇവരും ഫേസ്ബുക്കില്‍ സച്ചിനെ ആരാധിക്കുന്ന കുറെ പടവും കൊടുക്കും. അത് കണ്ടാല്‍ പിന്നെ ബാക്കി ഉള്ളവര്‍ക്ക് വെറുതെ ഇരിക്കാന്‍ പറ്റുമോ, അവര് “Like” അടിച്ചു കളിക്കും. ഇല്ലേല്‍ രാജ്യദ്രോഹം അല്ലെ കുറ്റം!
ഹോക്കി ആണ് നമ്മുടെ നാഷണല്‍ ഗെയിം എന്ന് പണ്ട് പഠിച്ചതായി ഒരു ചെറിയ ഓര്‍മ. അത് ‘ചക് ദേ ഇന്ത്യ’ എന്ന സിനിമയില്‍ ഷാരൂക് ഖാന്‍ ഓര്‍മപ്പെടുത്തിയത് ഞാന്‍ മറന്നു പോയി. പിന്നെ എനിക്ക് ഈ സമയം കുറെ ഉള്ളത് കൊണ്ട് ചുമ്മാ ഗൂഗിള്‍ ചെയ്തു നോക്കിയപ്പോ ലോകത്തില്‍ ഏറ്റവും പ്രചാരമുള്ള കളി ആണ് ഫുട്ബോള്‍ എന്ന് മനസ്സിലാക്കാന്‍ പറ്റി. ലോകത്തില്‍ രണ്ടാമത്തെ പോപ്പുലര്‍ ആയിട്ടുള്ള കളി ആണ് ക്രിക്കറ്റ്, പക്ഷെ ഇന്ത്യയെ മാറ്റി നിര്‍ത്തിയാല്‍ അതിന്റെ സ്ഥാനം എവിടെ ആയിരിക്കും എന്നത് ആലോചിക്കാതിരിക്കാന്‍ പറ്റിയില്ല! അപ്പോഴാണ് അടുത്ത സംശയം, ലോകത്തിന്റെ ആറില്‍ ഒന്ന് ജനസംഖ്യ ഉള്ള ഒരു രാജ്യത്തില്‍ നിന്ന് 90 മിനിറ്റ് ഫുട്ബോള്‍ കളിക്കാന്‍ ശേഷി ഉള്ള വെറും പതിനൊന്നു പേരെ കണ്ടെത്താന്‍ നമുക്ക് ഇത് വരെ പറ്റിയില്ലേ, ഛെ! . ഉള്ളത് കൊണ്ട് ഓണം പോലെ എന്ന പോലെ ആണോ ഈ ക്രിക്കറ്റിനോടുള്ള അമിതആഭിമുഖ്യം? ഈ മനസ്സിന്റെ ഓരോ കാര്യം, വേണ്ടാത്ത ഓരോ ചിന്തകളും കൊണ്ട് ഇറങ്ങിക്കോളും ചുമ്മാ നാട്ടുകാരെ കൊണ്ട് രാജ്യദ്രോഹി എന്ന് വിളിപ്പിക്കാന്‍.
# സച്ചിന്‍ ഒരു നല്ല കളിക്കാരനല്ല എന്നോ ക്രിക്കറ്റ് ഒരു മണ്ടന്‍ കളിയാണ് എന്നോ അല്ല ഞാന്‍ പറഞ്ഞു വരുന്നത്. നമ്മള്‍ ഇതിനു അമിതമായ ഒരു പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്ന എന്റെ ഒരു ചെറിയ സംശയം മാത്രം ആണ് ഈ പോസ്റ്റിന്റെ പ്രചോദനം.
♫ പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം …♪
ഫെബ്രുവരി 14th, 2012 § ഒരു അഭിപ്രായം ഇടൂ
വിശ്വ ഹിന്ദു പരിഷതും ശിവസേനയും വേറെ കുറെ മതാധിഷ്ടിത കപടസദാചാര സംഘടനകളും ഒക്കെ എല്ലാ വര്‍ഷവും നന്നായി ആഘോഷിക്കുന്ന ഒരു സംഭവം ആണ് വാലന്റൈന്‍സ് ഡേ. ഈ ദിവസത്തിന് ഇത്രയും പ്രാധാന്യം ലഭിച്ചതില്‍ ഇവരുടെ പങ്കു ചില്ലറ ഒന്നുമല്ല. പാശ്ചാത്യീകരണം, അഴിഞ്ഞാട്ടം എന്നിങ്ങനെ പല ലാബെലുകള്‍ പതിച്ചു ഈ ദിവസത്തെ ആക്രമിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. ഒന്നിച്ചു കാണുന്ന ആണും പെണ്ണും അഴിഞ്ഞാടുകായാണോ, ഇന്ത്യന്‍ സംസ്കാരങ്ങള്‍ക്കു ചേരാത്ത നിലയില്‍ പ്രവൃത്തിക്കുകയാണോ എന്നൊക്കെ വിലയിരുത്താന്‍ ഇവരൊക്കെ ആരാണ്? ഈ ആണും പെണ്ണും ഭാര്യാഭര്‍ത്താക്കളോ, സഹോദരീസഹോദരന്മാരോ ആയിരിക്കാം, ഇതൊക്കെ നോക്കിയിട്ടാണോ ഇവന്മാര് ഇവരെ അഴിഞാട്ടക്കാര്‍ എന്ന് മുദ്ര കുത്തുന്നത്?. ഈ ആണും പെണ്ണും കമിതാക്കള്‍ ആണെങ്കില്‍ പോലും അതിനെ ചോദ്യം ചെയ്യാന്‍ ഈ സദാചാരവാദികള്‍ക്ക് ആര് അധികാരം നല്‍കി? സത്യത്തില്‍ മറ്റുള്ളവരുടെ സ്വതന്ത്രജീവിതത്തെ ബാധിക്കുന്ന ഇത്തരം ചെയ്തികളും തീവ്രവാദം എന്ന സംഗതിയുടെ ഉള്ളില്‍ പെടില്ലേ ? പിന്നെ ഇന്ത്യന്‍ സംസ്കാരം എന്നതിനെ പറ്റി പറഞ്ഞു വരുവാണേല്‍ ലോകത്തിനു സ്നേഹത്തിന്റെ (അല്ലെങ്കില്‍ കാമത്തിന്റെ) പല രൂപങ്ങളെയും ഭാവങ്ങളെയും പറ്റി പഠിപ്പിച്ച കാമസൂത്രത്തിന്റെ നാട്ടില്‍ ആലിംഗനവും, ചുംബനവും, എന്തിനു, കൈ കോര്‍ത്തു പിടിക്കല്‍ പോലും ഹീനവും സംസ്കാരശൂന്യവും ആയ പ്രവൃത്തി ആയതു എന്ന് തൊട്ടാണ് എന്ന് ആലോചിക്കാതിരിക്കാന്‍ വയ്യ. നമ്മള്‍ ആണ് ഇതൊക്കെ ലോകത്തിനെ പഠിപ്പിച്ചത്, കാലം കടന്നു പോയപ്പോള്‍ എപ്പോഴോ നമ്മുക്ക് പരസ്യമായി സ്നേഹം പ്രകടിപ്പിക്കുന്നത് അംഗീകരിക്കാന്‍ പറ്റാതെ ആയി. വൈകാതെ തന്നെ മനുഷ്യന്റെ നിലനില്‍പ്പിന്റെ തന്നെ ആധാരമായ ലൈംഗികത എന്നത് ഒരു അറപ്പുളവാക്കുന്ന ക്രിയ ആയി (പരസ്യമായി കാണുമ്പോള്‍ മാത്രം, വീട്ടില്‍ ചെല്ലുമ്പോള്‍ അങ്ങനെ അല്ല എന്നാണു ഒരു ശമനം ഇല്ലാതെ പെയ്യുന്ന മഴ പോലെ ഉള്ള നമ്മുടെ ജനസംഖ്യയില്‍ നിന്നും മനസ്സിലാക്കേണ്ടത്), വിരോധാഭാസം എന്നല്ലാതെ എന്ത് പറയാന്‍!
ഇതൊക്കെ പറഞ്ഞു വരുമ്പോ ഞാന്‍ നാട്ടിലെ എല്ലാവരോടും വാലന്റൈന്‍സ് ഡേയില്‍ കവലയില്‍ പോയി ഇഷ്ടമുള്ളത് ചെയ്യാന്‍ അല്ല പറഞ്ഞു വരുന്നത് . കിട്ടുന്ന അവസരങ്ങള്‍ പാഴാക്കാതെ വല്ലോം ഒപ്പിക്കാം എന്നുള്ള ചിന്താഗതി വിട്ടിട്ടു ഇങ്ങനെ ഉള്ള അവസരങ്ങളെ അതിന്റെ യഥാര്‍ത്ഥ അര്‍ഥം ഉള്‍ക്കൊണ്ടു യാഥാസ്ഥിതികമായ ഈ സമൂഹത്തിനു ഒരു ശക്തമായ ഉത്തരം നല്കുകയായിരിക്കണം ഈ യുവജനതയുടെ ലക്‌ഷ്യം. ഒരു പെണ്ണും ആണും ഒന്നിച്ചു നടന്നാല്‍ ഒമ്പതാം മാസം മൂന്ന് പേരാകും എന്നുള്ള ചിന്താഗതിയെ സമൂഹത്തില്‍ നിന്ന് മാറ്റണം, അത് മാറ്റണമെങ്കില്‍ നമ്മള്‍ മാറണം, സ്ത്രീകളോട് പെരുമാറുന്ന രീതികളില്‍ പുരുഷന്മാര്‍ മാറ്റം വരുത്തണം. സ്ത്രീകള്‍/പെണ്‍കുട്ടികള്‍ കുറച്ചു കൂടെ ധൈര്യപൂര്‍വ്വം പ്രതികരിക്കണം, നമ്മളെ ആരെങ്കിലും ചൂഷണം ചെയ്യുന്നു എന്ന് മനസ്സിലാക്കിയാല്‍ പ്രതികരിക്കണം, സഹായം ഉറപ്പായും ലഭിക്കും, പക്ഷെ ചോദിക്കണം എന്ന് മാത്രം, കാര്യങ്ങള്‍ മനസ്സിലാക്കി ചെയ്യാന്‍ ഉള്ള മാനസികവളര്‍ച്ച മിക്കവാറും എല്ലാവര്‍ക്കും കൈമോശം വന്നിരിക്കുന്നു എന്ന് എപ്പോഴും ഓര്‍ക്കുക.
നമ്മുടെ സ്നേഹം ആഘോഷിക്കാന്‍ എന്തിനാണ് ഒരു പ്രത്യേക ദിവസം, അത് എല്ലാ ദിവസവും ആഘോഷിച്ചു കൂടെ? ഈ ദിവസം മുതലാക്കി നല്ല കച്ചവടം നടത്തുന്ന ഗിഫ്റ്റ് കടക്കാരും, കാര്‍ഡ് കമ്പനികളും പിന്നെയും നമ്മുടെ കാശ് പറ്റി ‘ച്ചു’ ചേര്‍ത്തു. എന്തായാലും ഏവര്‍ക്കും സ്നേഹം നിറഞ്ഞ വാലന്റൈന്‍സ് ഡേ ആശംസകള്‍.
♫ പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം …♪♫
നാട്ടുകാര്‍ക്ക് ഒരു ഉപകാരം, തടിയന്മാര്‍ക്ക് ഒരു പലഹാരം
ഫെബ്രുവരി 12th, 2012 § ഒരു അഭിപ്രായം ഇടൂ
ഇത് വായിക്കുമ്പോ ആര്‍ക്കെങ്കിലും ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ് , എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നൊക്കെ തോന്നുന്നുണ്ടെങ്കില്‍ അത് തികച്ചും യാദൃച്ചികം ആണ്, ഇനി നിങ്ങള്ക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അതായിരിക്കണം ഈ മനസാക്ഷിക്കുത്ത് എന്ന് പറയുന്ന സുനാപ്പി. നമ്മള്‍ മിക്കവാറും മലയാളികള്‍ക്ക് ഇപ്പൊ മേലനങ്ങി ഉള്ള ജോലികള്‍ ഒന്നും ചെയ്തു ശീലം ഇല്ല, ചെയ്യേണ്ടി വരുന്നും ഇല്ല, ബൈക്കിലോ കാറിലോ ആയിരിക്കും ഫുള്‍ ടൈം യാത്ര, അത് കൊണ്ട് ഒരു 5 മിനിറ്റ് നടക്കുമ്പോഴേക്കും മിക്കവാറും വിയര്‍ക്കുകേം കിതക്കുകേം ഒക്കെ ചെയ്യും. പിന്നെ സോഫ്റ്റ്‌വെയര്‍കാരുടെ കാര്യം പിന്നെ പറയുകേം വേണ്ട (ഞാന്‍ സോഫ്റ്റ്‌വെയര്‍കാരെ മാത്രം അധിക്ഷേപിച്ചു എന്നാരും കരുതണ്ട, എന്ത് പഠിച്ചാലും അവസാനം ഏതേലും IT കമ്പനിക്ക് തല വെക്കുന്നതാണല്ലോ ഇപ്പൊ ഒരു ട്രെന്‍ഡ്, അത് കൊണ്ടാ). യാത്ര ബൈക്കില്‍, അല്ലേല്‍ കാറില്‍, 3 നേരം വെട്ടി വിഴുങ്ങി ഉള്ള ഭക്ഷണം, ഇടയ്ക്കിടെ വൈകിട്ട് കൂട്ടുകാരുമായി ഒരു ചെറിയ കൂടല്‍, തിരികെ വന്നാല്‍ സുഖമായ ഉറക്കം (ശരി, ചിലപ്പോ അതത്ര സുഖമുള്ളതായിരിക്കില്ല, ഏതേലും ഡെഡ്ലൈനിനെ കുറിച്ചുള്ള ദുസ്വപ്നം, പെണ്ണ് കിട്ടാത്തതിന്റെ വെഷമം വേറെ, ഇന്‍ഫ്ലേഷന്‍ കൂടിയിട്ടും ശമ്പളം കൂടിയില്ല എന്ന വിഷമം എന്നിങ്ങനെ പല ദുസ്വപ്നങ്ങള്‍ കാണും), ഇതൊക്കെ കഴിഞ്ഞാല്‍ എന്തേലും വ്യായാമം ചെയ്യാന്‍ എവിടെ സമയം!
ആള്‍ക്കാരുടെ വയറിന്റെ സൈസ് നോക്കിയാല്‍ അവനു എത്ര വര്‍ഷം എക്സ്പീരിയന്‍സ് ഉണ്ടെന്നു മനസ്സിലാക്കാം എന്നുള്ളത് ഇപ്പൊ നല്ലൊരു ശതമാനം ആള്‍ക്കാരുടെ കാര്യത്തിലും സത്യം ആയിരിക്കും. മേലനങ്ങി ഒരു പണിയും എടുക്കേണ്ടി വരാത്തത് കൊണ്ട് മാസത്തില്‍ കുറെ കാശും കൊടുത്തു ചിലര്‍ ജിമ്മില്‍ പോയി മേലനക്കാന്‍ തുടങ്ങും, 2 ആഴ്ച കഴിയുമ്പോ മടി പിടിച്ചു പിന്നെ ആ ഭാഗതോട്ടു പോകില്ല. പക്ഷെ മാസം തുടങ്ങുമ്പോ കൃത്യം ആയി കാശ് ജിമ്മുകാര് നമ്മുടെ ബാങ്കീന്ന് പിടിച്ചോളും. ഇങ്ങനെ ഉള്ള കുറെ കസ്റ്റമേഴ്സ് ഉള്ളത് കൊണ്ട് അവര് കഞ്ഞി കുടിച്ചു പോകുന്നു, കാരണം ഇത് പോലെ ഉള്ള ഒരുത്തന്‍ വരുമ്പോ അതില്‍ നിന്നും പ്രചോദനം കൊണ്ട് വേറെ 2 -3 പേരെങ്കിലും പുറകെ അവിടെ പോയി ചേരും.
ഇവരോടൊക്കെ എന്താടാ ഇങ്ങനെ വീര്‍ത്തിരിക്കുന്നത് എന്ന് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരവും രസമാണ്, ചിലര് പറയും “അളിയോ, കഴിഞ്ഞ മാസം വരെ ഡെയിലി ജിമ്മില്‍ പോകുവായിരുന്നു, ഒരു മാസം മുടങ്ങി പോയപ്പോ ഒന്ന് ചീര്‍ത്തതാ, അത് വരെ ഭയങ്കര കട്ട ആയിരുന്നു” അല്ലേല്‍ “പാര്‍ക്കില്‍ ഓടാന്‍ പോകാം എന്ന് വിചാരിച്ചാല്‍ രാവിലെ അവിടെ ഭയങ്കര തണുപ്പാണ്, വൈകിട്ട് ഒടുക്കത്തെ തിരക്കും, പിന്നെ അവിടെ വരെ ചെല്ലണമെങ്കില്‍ ഓട്ടോ പിടിച്ചു പോകണം, അത് കൊണ്ട് ആ കാശിനു രാവിലെ 3 പച്ചമുട്ട കഴിച്ചു തുടങ്ങി, നമുക്ക് ആരോഗ്യം നോക്കേണ്ടേ?”
വയറിന്റെ സൈസ് ഇങ്ങനെ ഒക്കെ ആണേലും അതിന്റെ അഹങ്കാരം ഒന്നും ഇവര്‍ക്കില്ല കേട്ടോ. Tommy Hilfiger ,Calvin Klein ,Playboy അല്ലേല്‍ Jockey തുടങ്ങിയ ബ്രാന്‍ഡഡ് ജട്ടികള്‍ മേടിച്ചു oru Levis ജീന്‍സ് പറ്റുന്നത്ര താഴ്ത്തി ഇട്ടു ജട്ടിയുടെ പേര് മറ്റുള്ളവരെ കാണിക്കും, പക്ഷെ അതിന്റെ നിറം സ്വന്തമായി കാണണമെങ്കില്‍ ഒന്നുകില്‍ കണ്ണാടി നോക്കണം, അല്ലേല്‍ നാട്ടുകാരോട് ചോദിക്കണം. ഈ സ്ഥിതി ആകുമ്പോള്‍ ആണ് ഇവര്‍ക്കൊക്കെ സ്വന്തം തടിയെ പറ്റി ഒരു ബോധോദയം വരുന്നത്, അപ്പൊ ഭാഗ്യം തുണക്കുന്നത് ചില ആയുര്‍വേദ മുരിവൈദ്യന്മാരെയോ അല്ലേല്‍ ചില ഹൈ ടെക് ഹോമിയോ ഹോസ്പിടല്‍ ചെയ്നുകളെയോ ആയിരിക്കും. ഇവരെ കാലും കഷ്ടം ആയിട്ടുള്ള ടീമുകള്‍ ആണ് കുഴമ്പും ക്രീമും ഒക്കെ തേച്ചു വയറു കുറയ്ക്കാം എന്ന് ഏതേലും TV പരസ്യം കണ്ടു അതിനും കാശ് കൊടുക്കുന്നത്, ഇവന്റെയൊക്കെ തലച്ചോറ് തലയില്‍ ആണോ അല്ല വേറെ വല്ലയിടത്തും ആണോ?
ഞാന്‍ ഇതൊക്കെ പറഞ്ഞത് ആണുങ്ങളെ പറ്റി മാത്രമാണെന്ന് നാട്ടിലെ തടിച്ചികള്‍ ആരും വിചാരിക്കരുത്, ഇത് നിങ്ങളെയും ഉദ്ദേശിച്ചു തന്നെ ആണ്.
ആലോചിച്ചപ്പോ നല്ല ഉഗ്രന്‍ ഒരു ബിസിനസ് ഐഡിയ, ഇങ്ങനെ ഉള്ള പൊണ്ണതടിയന്മാരെ ഒക്കെ കൂട്ടി കറന്റ് ഇല്ലാത്ത ഏതേലും കുഗ്രാമത്തില്‍ മോടോറിനു പകരം സൈക്കിള്‍ ചവിട്ടി നിന്നും വെള്ളം കോരുന്ന വല്ല സെറ്റപ്പും തുടങ്ങിയാല്‍ നാട്ടുകാര്‍ക്ക് ഒരു ഉപകാരം, തടിയന്മാര്‍ക്ക് ഒരു പലഹാരം!
മനുഷ്യനിര്‍മ്മിതമായ ഏറ്റവും വലിയ അപകടം മതം ആണോ?
ഫെബ്രുവരി 7th, 2012 § ഒരു അഭിപ്രായം ഇടൂ
മനുഷ്യന്‍ കണ്ടു പിടിച്ചതില്‍ ഏറ്റവും അപകടം പിടിച്ച സാധനം ഏതാണെന്ന് ചോദിച്ചാല്‍ മതം എന്നാവും എന്റെ ഉത്തരം. ഇനി അത് മനുഷ്യന്‍ കണ്ടു പിടിച്ചതല്ല എന്ന് വാദിക്കുന്ന ആരേലും ഉണ്ടേല്‍ നിങ്ങളോട് സംസാരിക്കാന്‍ ഞാന്‍ ആളല്ല, ആരുടേയും വിശ്വാസത്തെ ചോദ്യം ചെയ്യാനും ഞാന്‍ ആളല്ല, അതിനു ഞാന്‍ ഇല്ല. എല്ലാ മതങ്ങളും ഉണ്ടായത് മനുഷ്യന് ജന്തുസമൂഹത്തില്‍ ഒരു നിലയും വിലയും ഒക്കെ ആയി കഴിഞ്ഞപ്പോഴാണ് എന്നുള്ളതിലെങ്കിലും സംശയം ഇല്ലല്ലോ. കത്തോലിക്കാ സഭ പോലും ഡാര്‍വിന്റെ പരിണാമസിദ്ധാന്തങ്ങളെ അംഗീകരിച്ചു തുടങ്ങി എന്നാന്നു കഴിഞ്ഞ ദിവസം വത്തികാനില്‍ വിളിച്ചപ്പോ മനസ്സിലായത്.
നന്നായി ഒന്ന് ആലോചിക്കുമ്പോ നബിയും ക്രിസ്തുവും കൃഷ്ണനും ഒക്കെ നമ്മുടെ പൂര്‍വികര്‍ നമ്മള്‍ വഴി പെഴച്ചു പോകാതിരിക്കാന്‍ വേണ്ടി ചെയ്ത ഒരു ചെറിയ കഥ അല്ലെ എന്ന് തോന്നും. ലോകം ചെറുതായിരുന്ന കാലത്ത് അന്നത്തെ ഇന്റലക്ചുവല്സ് ബാക്കി ഉള്ളവരെ നല്ല വഴിയില്‍ നടത്തിക്കാനായി ചില ആശയങ്ങള്‍ കണ്ടു പിടിച്ചു, അവയെ അവരുടെ നാട്ടില്‍ പ്രചരിപ്പിച്ചു, കാലക്രമേണ ചിലര്‍ അതിനെ അവനവന്റെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി പല രൂപങ്ങളില്‍ വ്യാഖ്യാനിച്ചു. തലമുറകള്‍ ആയി ഈ അറിവുകള്‍ കഥാരൂപത്തില്‍ കൈമാറപ്പെട്ടു, എഴുതാനും വായിക്കാനും ഉള്ള കഴിവ് സ്വായത്തമാക്കിയ മനുഷ്യന്‍ ഇതൊക്കെ എഴുതി വച്ചു, പല സ്ഥലങ്ങളില്‍, ഭാഷകളില്‍, കാലയളവുകളില്‍. ടെക്നോളജി വളര്‍ന്നപ്പോള്‍ ലോകം ചുരുങ്ങി, മനുഷ്യന്‍ സ്വന്തം ഗ്രാമം വിട്ടു പുറംലോകത്തേക്ക് സഞ്ചരിച്ചു തുടങ്ങി, അപ്പോഴാണ് പ്രശ്നങ്ങളുടെ ആരംഭം. പഴയ ഇന്റലക്ചുവല്സ് ഇതൊക്കെ എഴുതുമ്പോള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചു കാണുമോ വേറെ ഒരു ഭൂഘണ്ഡം ഉണ്ട്, അവിടെയും ഇന്റലക്ചുവല്സ് ഉണ്ട്, അവന്മാരുടെ കഥ വേറെ ആയിരിക്കും, ഹീറോ വേറെ ആളായിരിക്കും എന്നൊക്കെ. മനുഷ്യര് തമ്മില്‍ തമ്മില്‍ കണ്ടു തുടങ്ങിയപ്പോഴാണ് വിശ്വാസങ്ങളില്‍ ഉള്ള ഈ മാറ്റങ്ങളെ പറ്റി മനസ്സിലാക്കിയത്. ഞാന്‍ ചെറുപ്പം തൊട്ടു കേള്‍ക്കുന്ന കാര്യങ്ങള്‍ (കേള്‍ക്കുന്നത് മാത്രം, കണ്ടിട്ടില്ല, അനുഭവിച്ചിട്ടില്ല) ശരി അല്ല എന്ന് ഇപ്പൊ കണ്ട ആരേലും പറഞ്ഞാല്‍ ഞാന്‍ വിട്ടു കൊടുക്കുമോ, ചെറിയ ഒരു സംഭാഷണം തര്‍ക്കം ആയി, അത് കലഹം ആയി, പിന്നെ യുദ്ധം ആയി. ഏറ്റവും കൂടുതല്‍ മനുഷ്യരെ കൊന്നൊടുക്കിയത് എന്താണെന്ന് ചോദിച്ചാല്‍ അമേരിക്കയും ആറ്റം ബോംബും ഒന്നുമല്ല, മതവും വിശ്വാസവും എന്നായിരിക്കും ശരിയായ ഉത്തരം.
ലോകത്തെ കുറച്ചു കൂടെ മനസ്സിലാക്കിയ ചില ഇന്റലക്ചുവല്സ് ആയിരിക്കാം മഹാത്മാ ഗാന്ധിയും, നമ്മുടെ നാട്ടില്‍ നിന്ന് ശ്രീ നാരായണ ഗുരുവും, മഹാത്മാ ഗാന്ധിയെ നമ്മള്‍ ആവശ്യം കഴിഞ്ഞപ്പോ തട്ടി കളഞ്ഞു, ശ്രീ നാരായണ ഗുരുവിനെ മഞ്ഞ കൊടി കുത്തി അതിന്റെ കീഴില്‍ ചില്ലും കൂട്ടില്‍ ഇരുത്തി, ഒരു സംഘടനയുടെ പ്രസിഡന്റ് ആക്കി. ശരിക്കും ഇവര് എന്താണ് പറഞ്ഞത്? ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന്. അതിലും നമ്മള്‍ പഴുത് കണ്ടു പിടിച്ചു. ഇബ്രാഹിം വായിക്കുമ്പോ അത് ഇസ്ലാമിനെ പറ്റി ആണെന്നും, അബ്രഹാം വായിക്കുമ്പോ അത് ക്രിസ്തുമതത്തെ ആണെന്നും, മഹേന്ദ്രന്‍ വായിക്കുമ്പോ അത് ഹിന്ദു മതത്തെക്കുറിച്ച് ആണെന്നും വ്യാഖ്യാനിച്ചു, കുറച്ചു കൂടെ ശക്തം ആകട്ടെ എന്ന് കരുതി ചില ജാതികളുടെ പേരും മുന്നില്‍ ചേര്‍ത്തു. വാസ്തവത്തില്‍ അവര് പറഞ്ഞത് മനുഷ്യത്വം എന്ന മതത്തെ പറ്റിയും, മനുഷ്യജാതിയെ പറ്റിയും, കരുണ ആകുന്ന ദൈവത്തെ പറ്റിയും ആയിരിക്കാം (സോറി, മനുഷ്യ ദൈവങ്ങളെ പറ്റി അവര് ആലോചിച്ചിട്ട് പോലും ഉണ്ടാകില്ല). കരുണ എന്ന ദൈവം എന്ന് പറഞ്ഞത് എല്ലാവരും മദര്‍ തെരേസ ആകണം എന്നല്ല, തന്റെ വാക്കുകളും പ്രവൃത്തികളും മറ്റുള്ളവരെ വേദനിപ്പിക്കാതെ ഇരിക്കാന്‍ ഉള്ള ബേസിക് കരുണ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ. എല്ലാ മതങ്ങളുടെയും സാരം അതൊന്നെ ഉള്ളൂ, നമ്മുടെ പ്രവൃത്തികള്‍ കൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കരുത്, പരസ്പരം സ്നേഹിച്ചാല്‍ സമാധാനം ഉണ്ടാകും, സന്തോഷം ഉണ്ടാകും.
ചില ദിവ്യപുസ്തകങ്ങള്‍ എഴുതിയേക്കുന്ന ഭാഷ ശരിയായി വ്യാഖ്യാനിക്കാന്‍ ആവശ്യമായ ഒരു PhD ഡിഗ്രിയും, വളച്ചു കെട്ടി ഉള്ള കുറെ കല്പനകളും ഒന്നും ഇല്ലാതെ തന്നെ എല്ലാ മനുഷ്യരെയും, അവരുടെ ചിന്തകളെയും അഭിപ്രായങ്ങളെയും മാനിക്കുക, മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം പ്രവൃത്തിക്കാതിരിക്കുക, ഒരു മതവിശ്വാസം ഉണ്ടെങ്കില്‍ അത് നിങ്ങളുടെ ഉള്ളില്‍ തന്നെ സൂക്ഷിക്കുക. എല്ലാവരും ഇത്രയും ചെയ്‌താല്‍ തന്നെ ഈ ലോകത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകില്ലേ?
ഐശ്വര്യാ റായിക്ക് വയറിളക്കമോ? ഏയ് ചുമ്മാതാ….
ഫെബ്രുവരി 5th, 2012 § ഒരു അഭിപ്രായം ഇടൂ
മനോഹരമായ ചില കാര്യങ്ങളെ പറ്റി ഉള്ള നിങ്ങളുടെ അതിമനോഹരമായ ധാരണകള്‍ക്ക് കോട്ടം തട്ടിയെക്കാവുന്ന ചില കാര്യങ്ങള്‍ ആണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. അത് മനസ്സിലാക്കികൊണ്ടു മാത്രം മുന്നോട്ടു വായിക്കുക. പിന്നെ ചിലര്‍ക്കൊക്കെ ഇവിടെ പറഞ്ഞിരിക്കുന്ന ഭാഷ പിടിച്ചില്ലെന്നു വരാം, അത് എന്റെ കുറ്റം അല്ല, എപ്പോള്‍ വേണേലും വായന നിര്‍ത്താനുള്ള സ്വാതന്ത്യം നിങ്ങള്‍ക്കുണ്ട് (അല്ലെങ്കില്‍ നിങ്ങള്ക്ക് പിടിക്കാത്ത വാക്കുകള്‍ക്കു നല്ല മലയാളം പരിഭാഷ എഴുതി അറിയിക്കുക)
ബ്യൂട്ടിഫുള്‍ എന്ന മലയാളം ചിത്രത്തിലെ ഐശ്വര്യാ റായിയുടെ വയറിളക്കം സംബന്ധിച്ച ഒരു പരാമര്‍ശം കേട്ടപ്പോ കോളേജില്‍ പഠിക്കുന്ന കാലത്ത് നടന്ന ഒരു സംഭവം ഓര്‍മ്മ വന്നു. ഒരു കൂട്ടുകാരന് ഏതോ ഒരു പെണ്ണിനോട് ഒടുക്കത്തെ ആരാധന, എല്ലാ ദിവസവും വൈകിട്ട് അവളെ പറ്റി ഉള്ള വിവരണം ആണ്. എടാ, അവളെ കാണാന്‍ എന്ത് ക്യൂട്ട് ആണെന്നറിയാവോ, അവള്‍ടെ മുടി,അവള്‍ടെ കണ്ണ്, അവള്‍ടെ മൂക്ക് എന്ന് അങ്ങോട്ട് തുടങ്ങും. കുറെ നാള് ഞങ്ങള് സഹിച്ചു, എപ്പെഴെങ്കിലും അവന്‍ നന്നാവും എന്ന് പ്രതീക്ഷിച്ചു, പക്ഷെ അത് സംഭവിക്കാന്‍ ചാന്‍സ് ഇല്ല എന്ന് ഞങ്ങള്‍ക്ക് മനസ്സിലായ ഒരു നാള്‍ ലവന്റെ അന്നേ ദിവസത്തെ ലവളെ പറ്റി ഉള്ള ഡെയിലി റിപ്പോര്‍ട്ട് ഒക്കെ കേട്ട് കഴിഞ്ഞപ്പോ കൂട്ടത്തില്‍ ഉള്ളഒരുത്തന്‍ ഒരൊറ്റ ചോദ്യം, എടാ, അവള് ഒരു വളി ഇടുന്നതിനെ പറ്റി നീ ആലോചിച്ചിട്ടുണ്ടോ, പോട്ടെ, അവള് മുക്കുമ്പോ അവളുടെ മുഖത്തിന്റെ സൌന്ദര്യത്തിനെ പറ്റി നീ ആലോചിച്ചിട്ടുണ്ടോ? കൌസല്യാസുപ്രഭാതത്തില്‍ വെളിക്കിരിക്കാന്‍ പോകുന്ന വഴിയില്‍ ഒറിജിനല്‍ മലമ്പാമ്പിനെ കണ്ടതു പോലെ ഒരു വിളര്‍ച്ച ആയിരുന്നു അവന്റെ മോന്തയില്‍. അതിനു ശേഷം ആ പെണ്ണിന്റെ വിശേഷം ആ വീട്ടില്‍ കേട്ടിട്ടില്ല. (എത്ര ശ്രമിച്ചിട്ടും ആ ക്യൂട്ട് സുന്ദരിയുടെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല, പക്ഷെ ആ മുഖഭാവം ഓര്‍മ വരുന്നുണ്ടോ എന്നൊരു സംശയം)
ചില ആള്‍കാരെ പറ്റി നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുന്നതിനിടയില്‍ ഇതെല്ലാം മനുഷ്യസഹജമായ കാര്യങ്ങള്‍ ആണെന്ന് നമ്മള്‍ ചിലപ്പോ മറക്കുന്നു. മറിച്ചും ഉള്ള സ്ഥിതി ഇത് തന്നെ ആണ്, ജോണ്‍ അബ്രഹാമും, ഷാരുഖ് ഖാനും ഒക്കെ സമയം കിട്ടുന്ന ദിവസങ്ങളില്‍ രാവിലെ ഇതൊക്കെ ചെയ്യുന്നുണ്ടാവും. അവരുടെ കുളിമുറിയിലും പിന്നാലെ കേറിയവന്‍ “എന്തുവാടേ, നീ ഇന്നലെ തീ ആണോ തിന്നത്” എന്ന് ചോദിക്കുന്ന ദിവസങ്ങള്‍ കാണും, എല്ലാ ആണുങ്ങളെയും പോലെ കുറെ നേരം സഹിച്ചു പിടിച്ചു മുള്ളി കഴിഞ്ഞിട്ട് ചെറുതായി ഒരു വളി വിട്ടിട്ടു അവരും ആലോചിക്കും ഈശോയെ, കണ്ണ് നിറഞ്ഞു, ഇതാണ് ലോകത്തിലെ ഏറ്റവും വലിയ സന്തോഷം എന്ന് . ഇങ്ങനെ ഉള്ള ചെറിയ കാര്യങ്ങള്‍ ഒക്കെയാണ് ലോകത്തിലെ എല്ലാ മനുഷ്യരും ഒരു പോലെ അനുഭവിക്കുന്ന ചില കാര്യങ്ങള്‍. ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം എന്ന് എത്രയും വേഗം മനസ്സിലാക്കിയാല്‍ കാര്യം കാണുമ്പോ അവനെ പോലെ വണ്ടര്‍ അടിച്ചു ഇരിക്കേണ്ടി വരില്ല.
വിരോധാഭാസം അത്ര മോശം ആഭാസം ഒന്നുമല്ല
ഫെബ്രുവരി 3rd, 2012 § ഒരു അഭിപ്രായം ഇടൂ
രാവിലെ ഷേവ് ചെയ്യുമ്പോ തൊട്ടു ഈ ചോദ്യം മനസ്സില്‍ കിടക്കുവാണ്. നമ്മുടെ മൂക്കിന്റെ കീഴെ ചുണ്ടിനു മേലെ ആയി 2 വര പോലെ ഉള്ള സാധനം ഉണ്ടല്ലോ, അതിന്റെ പേരെന്താണ്, എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടിയില്ല, അത് കൊണ്ട് കുറച്ചു കൂടെ ബുദ്ധിയും വെവരോം ഉള്ളവരോട് ചോദിക്കാം എന്ന് കരുതി. അല്ല, ഷേവ് ചെയ്യുമ്പോ മുറിയാന്‍ സാധ്യത ഉള്ള ഒരു സ്ഥലമാണല്ലോ, ഏതേലും ദുര്‍ബല നിമിഷത്തില്‍ അങ്ങനെ സംഭവിച്ചാല്‍ ഡോക്ടറോട് എന്ത് പറയും ? ഡോക്ടറെ, വര മുറിഞ്ഞു എന്ന് പറയാന്‍ പറ്റുമോ?
ഇതിനെ പറ്റി ആലോചിച്ചോണ്ടിരിക്കുമ്പോള്‍ ആണ് വേറൊരു ചിന്ത കടന്നു വന്നത്. ഈ വിരോധാഭാസം എന്ന വാക്ക് ഒരു സംഭവം തന്നെ അല്ലെ, അതില് വിരോധവും ഇല്ല ആഭാസവും ഇല്ല, പിന്നെ എന്തിനാണ് ഈ പാവം വാക്കിനെ മനുഷ്യന്റെ ഏറ്റവും കൂതറയായ ഒരു വികാരത്തിന്റെ പേരിലും ആ വികാരത്തില്‍ നിന്നുണരുന്ന വാക്കുകളുടെയും പേരില്‍ ഇങ്ങനെ ക്രൂശിക്കുന്നത്, ഒരു ഭയങ്കര വിരോധാഭാസം തന്നെ അല്ലേ?
ഈ മനസ്സിന് ആണേല്‍ ഒരു മിനിറ്റ് റസ്റ്റ് എടുക്കാന്‍ നേരമില്ല, ഇത്രയും ഒക്കെ ആലോചിച്ചു ക്ഷീണിച്ചു ഇരിക്കുമ്പോ ദേ അടുത്ത ചോദ്യം കേറി വന്നിരിക്കുന്നു. ഈ സ്ത്രീലിംഗം എന്ന വാക്കിനെ എങ്ങനെ പിരിച്ചു എഴുതും? നമ്മുടെ ചെറിയ ബുദ്ധി ഉപയോഗിച്ച് ചെയ്തു നോക്കിയപ്പോ സ്ത്രീയുടെ ലിംഗം എന്നാന്നു കിട്ടിയത്. ഇത് വളരെ തെറ്റായ ഒരു പ്രയോഗം അല്ലെ? സ്ത്രീ സമത്വത്തെ പറ്റി ഘോരഘോരം പ്രസംഗിക്കുന്ന ആള്‍കാര് എന്ത് കൊണ്ട് ഈ അനീതിക്കെതിരെ പോരാടുന്നില്ല, അവര്‍ക്ക് വേണ്ടേല്‍ വേണ്ട (അല്ല, വേണേല്‍ വച്ചോ എന്നാണോ പറയേണ്ടത്?). പക്ഷെ മലയാള പണ്ഡിതന്മാരു പോലും എന്ത് കൊണ്ട് ഈ തെറ്റ് തിരുത്തിയില്ല?
മാനേജര്‍മാര്‍ എന്ന കന്നാലികള്‍
ഫെബ്രുവരി 1st, 2012 § 2അഭിപ്രായങ്ങള്‍
അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പുറത്തു കുതിര കേറാന്‍ നടക്കുന്ന കന്നാലികള്‍ എന്ന് കൂടെ ജോലി ചെയ്യുന്നവര്‍ വിളിക്കുന്ന (നേരിട്ടല്ല, കാരണം അപ്പ്രയിസല്‍ ഫോറം കോര്‍പ്പറേറ്റ് മല കയറുന്നത് ഈ അടിവാരം വഴി ആണല്ലോ) ഈ വിഭാഗത്തെ പറ്റി ഇന്ന് ഓര്‍ക്കാന്‍ കാരണം എന്റെ ഒരു പഴയ മാനേജരുടെ (ചിലരൊക്കെ ഇത് പോലെ ഉള്ള ആളുകളെ ടീം ലീഡര്‍ എന്ന പേരിലും അറിയും) ഹാപ്പി ബര്‍ത്ത്ഡേ ആണ് ഇന്ന്. പോയ ചില വര്‍ഷങ്ങളില്‍ ഈ ദിവസത്തില്‍ രാവിലെ ഒരു 70mm പുഞ്ചിരിയുമായി ഈ മാനേജരുടെ അടുത്ത് “മെനി മെനി ഹാപ്പി റിടേണ്‍സ് ഓഫ് ദി ഡേ മാഡം” എന്നൊക്കെ പറയേണ്ട ഹതഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്, അത് കൊണ്ടാ. ആളെ പറ്റി ആലോചിക്കുമ്പോ എന്താണെന്നറിയില്ല, BP പെട്ടെന്ന് കുതിച്ചു ചാടും, രക്തത്തില്‍ ധാര്‍മ്മികരോഷത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതിന്റെ ആണെന്ന് തോന്നുന്നു.
ഞാന്‍ ജോലിയില്‍ ചേര്‍ന്ന കാലത്ത് എല്ലാ ദിവസവും രാവിലെ വന്നു ചെറിയ ചിരിയും കളിയുമൊക്കെ ആയി ഈ മാനേജര്‍ ചോദിക്കും ഇന്ന് എന്താ ചെയ്യുന്നെ, ഭയങ്കര വര്‍ക്ക് പ്രഷര്‍ ആണോ എന്നൊക്കെ. ഹോ, വളരെ നല്ല മാനേജര്‍, ഇവരുടെ അടുത്ത് വന്നു പെട്ടത് ഭാഗ്യം എന്നൊക്കെ മസ്സില്‍ കരുതി നമ്മള്‍ സത്യം സത്യമായി എല്ലാം പറയുകേം ചെയ്യും. കുറച്ചു നേരം കഴിഞ്ഞാല്‍ ഒരു മെയില്‍ വരും, ഇന്ന് നീ ഇതൊക്കെ ആണ് ചെയ്യേണ്ടത് എന്നൊരു ലിസ്റ്റ്. ആളുടെ ബോസ്സിന് ഒരു Cc കാണും . ആദ്യമൊക്കെ ഞാന്‍ കരുതിയത് നമ്മള്‍ പുതിയ ആളായത് കൊണ്ട് ഉള്ള സ്നേഹത്തിന്റെ പുറത്തുള്ള ഒരു മേല്‍നോട്ടം ആയിരിക്കും ഇത് എന്നാണു. പക്ഷെ എന്താണെന്ന് അന്ന് എനിക്ക് മനസ്സിലായില്ല, കൂടെ ഉള്ളവര്‍ക്കൊന്നും ഇവരെ അത്ര പഥ്യം അല്ലായിരുന്നു. അത് അവരുടെ ഒരു അറിവില്ലായ്മ ആയി ഞാന്‍ അങ്ങോട്ട് ക്ഷമിച്ചു, എന്നോട് മാനേജര്‍ വളരെ ഡീസന്റ് ആണല്ലോ! നാളുകള്‍ പോകെപോകെ രാവിലെ ഉള്ള പഞ്ചാരവാക്കുകളുടെ മധുരം കുറഞ്ഞില്ലെങ്കിലും ഇമെയില്‍ ഭാഷയുടെ കാഠിന്യം കൂടി വരുന്നത് പോലെ എനിക്കൊരു സംശയം തോന്നി തുടങ്ങി, ചില വാക്കുകളില്‍ ഒരു കുറ്റപ്പെടുത്തലിന്റെ സ്വരം ഉണ്ടോ എന്ന് വരെ ശങ്കിച്ചു. ഏയ്, ഇതൊക്കെ വെറും തോന്നല്‍ ആണെന്ന് പറഞ്ഞു സ്വയം ആശ്വസിപ്പിച്ചു. ഇങ്ങനെ ഒക്കെ ആയി ആദ്യ വര്‍ഷത്തെ അപ്പ്രയിസല്‍ കഴിഞ്ഞു ഇറങ്ങിയ എന്റെ മോന്ത കണ്ട ഒരു ടീംമേറ്റ് ചോദിച്ചു, അവര് നിന്റെയും __യില്‍ അടിച്ചു തന്നു അല്ലെ, നിന്നോടൊക്കെ ആദ്യമേ പറഞ്ഞതല്ലേ ആ __ടെ പഞ്ചാരവാക്കില്‍ ഒന്നും വീഴരുത് എന്ന് . ഇത് കേട്ടതോടെ അവന്മാര്‍ക്ക് അവരെ അത്ര പിടിക്കാത്തതിന്റെ പൊരുള്‍ എനിക്ക് മനസ്സിലായി. എന്താണെന്നറിയില്ല, ചെറുപ്പം തൊട്ടേ അറിയാത്ത പിള്ളക്ക് ചൊറിയുമ്പോ അറിയും എന്ന് പറഞ്ഞ പോലാണ് നമ്മുടെ സ്ഥിതി.
എന്തായാലും ഹാപ്പി ബര്‍ത്ത്ഡേ മാഡം! പുതിയതായി വന്ന ഒരു പയ്യനോട് ഇന്ന് എന്താ പണി എന്ന് ചോദിക്കാന്‍ ടൈം ആയി..ഞാന്‍ പോകട്ടെ
