ഹോ, ഒരു മനുഷ്യനെ ഒരു ആപത്തിലോട്ടു തള്ളി വിട്ടപ്പോ എന്തൊരു ആശ്വാസം!
Posted: ജനുവരി 26, 2012 Filed under: Thoughts | Tags: Reflections, Thoughts, wedding 1 Comment »ഒരു വര്‍ഷം കഴിഞ്ഞു അവധിക്കു നാട്ടില്‍ ചെന്നത് കുറച്ചു നാള് സമാധാനം ആയി ഇരിക്കണം, കൂട്ടുകാരെ ഒക്കെ ഒന്ന് കാണണം, എല്ലാവരുടേം കൂടെ പുഴകടവില്‍ ഇരുന്നു നല്ല കള്ളും കപ്പയും കഴിക്കണം എന്നൊക്കെ കരുതി ആണ്. പിന്നെ രണ്ടു കല്യാണങ്ങള്‍ കൂടണം, ഒന്ന് കൂട്ടുകാരന്റെയും ഒന്ന് കുടുംബത്തിലെയും. ഒരു ദിവസം വൈകിട്ട് കവലയിലൂടെ ചുമ്മാ നടന്നപ്പോ നമ്മുടെ ഡെന്നിസ് ചേട്ടനെ കണ്ടു, ആളുടെ സന്തോഷം കണ്ടപ്പോ വൈകിട്ട് രണ്ടെണ്ണം വിട്ടേച്ചു വീട്ടി പോകുന്ന വഴി ആണ് എന്ന് തോന്നി. “മോനെ, നീ എപ്പോ എത്തി, എത്ര നാള് നാട്ടില്‍ കാണും?” വരുന്നതിനു മുമ്പേ തന്നെ എപ്പോളാണ് പോകുന്നത് എന്ന പോലെ ഉള്ള രണ്ടാമത്തെ ഭാഗം അത്ര രസിചില്ലേലും അത് കാണിക്കാതെ ഞാന്‍ പറഞ്ഞു, ചേട്ടാ, ഇന്നലെ എത്തിയതെ ഒള്ളൂ, ഒരു ഒന്നര മാസം നാട്ടില്‍ കാണും. “ഒന്നര മാസമോ, എന്താ മോനെ കല്യാണം വല്ലോം കഴിക്കാന്‍ ആണോ ഇത്രേം നാള് ലീവ്?” വായില്‍ തെറി ആണ് വന്നതെങ്കിലും “അല്ല ചേട്ടാ, ഞാന്‍ ചുമ്മാ വന്നതാ, കല്യാണപ്രായം ഇത് വരെ ആയിട്ടില്ല, ഞാന്‍ ഇപ്പോളും ചെറുപ്പം ആണ്” എന്ന് പറഞ്ഞു ഞാന്‍ നടക്കാന്‍ തുടങ്ങി. മോന് എത്ര വയസ്സായി എന്ന് പുള്ളി ചോദിച്ചത് കേള്‍കാത്ത ഭാവം നടിച്ചു അവിടുന്ന് രക്ഷപ്പെട്ടു.
വീട്ടിലേക്കു പോകുന്ന വഴിയില്‍ ഒക്കെ ഞാന്‍ ആലോചിക്കുവായിരുന്നു, ഇതേ ചോദ്യം ഇനി കാണുന്ന എല്ലാവരും ചോദിക്കും, എല്ലാവരുടേം അടുത്ത് നിന്നും ഇത്രേം എളുപ്പത്തില്‍ സ്കൂട്ട് ആവാന്‍ പറ്റി എന്ന് വരില്ല. കുറച്ചു കൂടെ നല്ല ആന്‍സര്‍ കണ്ടു പിടിക്കണം. പക്ഷെ മനസ്സ് ഒരു മറുചോദ്യം ചോദിച്ചു, കല്യാണം എന്നത് എന്റെ പേര്‍സണല്‍ കാര്യം അല്ലെ? ഞാന്‍ എപ്പോ കല്യാണം കഴിക്കണം എന്നത് എന്റെ മാത്രം തീരുമാനം അല്ലെ?
കുറച്ചു നാള് കഴിഞ്ഞു അമ്മവീട്ടില്‍ ചെന്നപ്പോള്‍ അമ്മായിമാരെ കണ്ടു. ഡെന്നിസ് ചേട്ടനെ ഒഴിവാക്കിയ പോലെ അവിടെ കാര്യങ്ങള്‍ നടന്നില്ല. എനിക്ക് കല്യാണപ്രായം ആയി എന്ന് അവര്‍ അങ്ങോട്ട് തീരുമാനിച്ചു കഴിഞ്ഞിരുന്നു. ഞാന്‍ ആദ്യം വിഷയം മാറ്റാന്‍ ശ്രമിച്ചു, കേള്‍ക്കാത്ത ഭാവം നടിച്ചു, സ്നേഹപൂര്‍വ്വം നിരസിച്ചു. എന്നിട്ടും രക്ഷ ഇല്ല, അവര് വിടുന്ന മട്ടില്ല എന്ന് മനസ്സിലായപ്പോ “എന്റെ കാര്യം നോക്കാന്‍ എനിക്ക് അറിയാം, എനിക്ക് കല്യാണം കഴിക്കണം എന്ന് തോന്നുമ്പോ അതിനു പറ്റുന്ന ആരെയേലും കണ്ടു കിട്ടുവാണേല്‍ ഞാന്‍ കെട്ടും, വല്ല സഹായവും ആവശ്യം ഉണ്ടേല്‍ ഞാന്‍ അറിയിക്കാം, ഇപ്പൊ എന്നെ വെറുതെ വിട്ടേരെ” എന്ന് പറഞ്ഞു അവിടുന്ന് തല ഊരി. ആണ്‍പെണ്‍ ഭേദമെന്യേ ഇത് ഇന്നത്തെ ‘വയസ്സറിയിച്ച’ എല്ലാവരും നേരിടുന്ന ഒരു പ്രശ്നം ആണല്ലോ. നമ്മുടെ നാട്ടിലെ സാമൂഹിക സമ്മര്‍ദം കാരണം കല്യാണം കഴിക്കാന്‍ നിര്‍ബന്ധിതര്‍ ആകുന്ന പലരും ഉണ്ട്, അത് ആണാകട്ടെ, പെണ്ണാകട്ടെ. നാട്ടുക്കാരുടെ ശല്യം സഹിക്കാന്‍ വയ്യാതെ ഒരു കല്യാണം കഴിച്ചു എന്ന് തന്നെ വച്ചോ, അപ്പൊ ഇവന്മാര് പിന്നേം വരും “എന്താ മോനെ, ഒരു കുഞ്ഞിക്കാലോക്കെ കാണേണ്ടേ?” എന്ന് ചോദിച്ചോണ്ട്. പിന്നെ അത് കാണാതെ ഇവനൊന്നും ഉറക്കം വരില്ല. അത് കണ്ടു കഴിഞ്ഞാല്‍ പിന്നെ അവന്മാര് സുഖം ആയി ഉറങ്ങിക്കോളും, പക്ഷെ കൊച്ചിന്റെ തൊള്ളതുറക്കല്‍ കാരണം നമ്മുടെ ഉറക്കം ഗോപി. ഇതൊക്കെ കണ്ടു അവന്മാര് മനസ്സില്‍ പറയും “ഒരു മനുഷ്യനെ ഒരു ആപത്തിലോട്ടു തള്ളി വിട്ടപ്പോ എന്തൊരു ആശ്വാസം”. പിന്നെ ഇതില്‍ കാണുന്ന പോലെ ഉള്ള ചില അവന്മാര്‍ 21 വയസ്സില്‍ കെട്ടിയാല്‍ എന്താ (see 5:50 min)എന്ന് ചോദിച്ചാല്‍ നമ്മള്‍ ഈ നാട്ടില്‍ എങ്ങനെ ജീവിക്കും. വെറുതെ അല്ല 30 വയസ്സായി എന്ന് പറഞ്ഞാല്‍ “അയ്യേ, എനിക്കെങ്ങും വേണ്ട ആ കെളവനെ” എന്ന് പെണ്‍പിള്ളേര് പറയുന്നത്.
രണ്ടു കല്യാണങ്ങള്‍ കൂടാന്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞുവല്ലോ, അതിനൊക്കെ പോയപ്പോളാണ് കൂട്ടുകാരൊക്കെ കല്യാണം കഴിച്ചു settle ആകുവാണ് എന്ന ദുഖസത്യം മനസ്സിലാക്കിയത്. ഇവന്മാരൊക്കെ ഇത്ര പെട്ടെന്ന് എങ്ങനെ മാറി പോയി എന്ന് ആലോചിച്ചപ്പോ നാട്ടില്‍ നിക്കുന്നവര്‍ക്ക് societal pressure താങ്ങാന്‍ പറ്റുന്നുണ്ടാകില്ല എന്ന് തോന്നി. ജീവിതഭാരം താങ്ങാന്‍ പറ്റാതെ ജീവിതം ഒരു മുഴം കയറില്‍ അവസാനിപ്പിക്കുന്ന പോലെ വീട്ടുകാരും നാട്ടുകാരും കാണിച്ചു കൊടുക്കുന്ന പെണ്ണിന്റെയോ ചെക്കന്റെയോ മാല കഴുത്തില്‍ കുരുക്കി അവരും പുതിയ ഒരു ജീവിതം തുടങ്ങുന്നു. ആ ജീവിതത്തില്‍ ചിലര്‍ പഴയതിനെ മൊത്തമായി തുടച്ചു നീക്കി പുതിയതിനെ സ്വീകരിക്കുന്നു, ചിലര്‍ പഴയ ജീവിതവും ബന്ധങ്ങളും ഒരു ചെറിയ sidestory ആയി ഓടിക്കുന്നു, വിരളം ആയ മറ്റു ചിലര്‍ രണ്ടു ജീവിതങ്ങളും ഒന്നിച്ചു കൊണ്ട് പോകുന്നു. ആദ്യത്തെ കൂട്ടരെ നിങ്ങള്‍ നന്നായി അറിയും, കല്യാണം കഴിഞ്ഞാല്‍ പിന്നെ ഒരു പരിചയവും ഇല്ലാതെ ആകുന്ന ആള്‍കാര്‍, വഴിയില്‍ വച്ച് കണ്ടാല്‍ ചിലപ്പോ ഒരു ഔദാര്യം പോലെ രണ്ടു വാക്ക് മിണ്ടിയേക്കും. രണ്ടാമത്തെ കൂട്ടര്‍ പഴയ ബന്ധങ്ങള്‍ ഒരു അളവ് വരെ നില നിര്‍ത്തും. പക്ഷെ ഇവരെ മിക്കവാറും ഫോണില്‍ മാത്രമേ കിട്ടുള്ളൂ. നേരില്‍ കാണാനും സമയം ചെലവഴിക്കാനും ഇവര്‍ക്ക് നേരമുണ്ടാകില്ല. മൂന്നാമത്തെ കൂട്ടര്‍ (ഇവര്‍ എണ്ണത്തില്‍ തീരെ കുറവാണ്) കല്യാണം കഴിഞ്ഞാലും പഴയ പോലെ ഒക്കെ തന്നെ ആയിരിക്കും. കല്യാണം കഴിച്ച പെണ്ണിന്/ചെക്കന് കല്യാണത്തിന് മുമ്പ് ഒരു ജീവിതവും, കുടുംബവും, സുഹൃത്തുക്കളും ഒക്കെ ഉണ്ടായിരുന്നു എന്ന സത്യം ഇവര്‍ മനസ്സിലാക്കിയവര്‍, അത് കൊണ്ട് ഇവര്‍ സ്വന്തം കൂട്ടുകാരെയും അവന്റെ/അവളുടെ കൂട്ടുകാരെയും ഒക്കെ ഒരേ ജീവിതത്തിന്റെ ഭാഗം ആയി കണക്കാക്കുന്നു. ഇവര്‍ കുറച്ചു കൂടെ വിശാലമായി ചിന്തിക്കുന്നവര്‍, ബാക്കി ഉള്ളവരെ കുറ്റം പറയുകയല്ല, ഒരു കല്യാണം കഴിച്ചാല്‍ സ്വന്തം കുടുംബത്തില്‍ ഉള്ള കോടാലികള്‍ കൂടാതെ മറ്റേ ആളുടെ കുടുംബത്തിലെ കോടാലികള്‍ കൂടെ നമ്മുടെ തലയില്‍ വന്നു കേറില്ലേ? പണ്ടായിരുന്നേല്‍ നാട്ടിലെ ഷാപ്പില്‍ കേറി കുറച്ചു കള്ള് കുടിച്ചാല്‍ നമ്മുടെ കുടുംബത്തെ അറിയുന്നവര് മാത്രമേ വീട്ടില്‍ ചെന്ന് കൊളുത്തി കൊടുക്കൂ, കല്യാണത്തിന് ശേഷം ഈ കരിങ്കാളികളുടെ ശ്ര്ഖല അവള്‍ടെ ബന്ധുക്കളെയും കൂടെ കൂട്ടി വിപുലീകരിക്കപെട്ടെക്കുവല്ലേ?
PS : ഇതൊക്കെ നമ്മള്‍ക്ക് ഒരു തമാശ പോലെ പറഞ്ഞു ചിരിക്കാം, പക്ഷെ കേവലം സാമൂഹിക സമ്മര്‍ദം മൂലം നമ്മള്‍ നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കുന്നത് ന്യായമാണോ? നമ്മളെ പോലെ തന്നെ മറ്റേ ആള്‍ക്കും തന്റെ ജീവിതത്തില്‍ ചില കാഴ്ചപാടുകള്‍ ഉണ്ടാകും. രമ്യമായ ഒരു ജീവിതത്തിനു വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരും, ഇതിനു നമ്മള്‍ ഇപ്പോഴത്തെ നിലയില്‍ തയാറാണോ? ആണെങ്കില്‍ തന്നെ എവിടെയാണ് വിട്ടുവീഴ്ച്ചകളുടെ പരിധി? ഇത് കെട്ടാന്‍ പോകുന്നവര്‍ മാത്രം ചിന്തിക്കേണ്ട ഒരു കാര്യമല്ല, വിവാഹിതരും ആലോചിക്കേണ്ടുന്ന കാര്യമാണ്.

മനു ആളിയോ, ബ്ലോഗ് തകര്‍ത്തു. നീ എഴുതണം ഇനിയും എഴുതണം. നിനില്‍ ഒരു സുകുമാര്‍ ആഴികോട് മറഞ്ഞിരിപുണ്ട്. എന്‍റെ എല്ലാ ആശംസകളും.