ചന്തിയോ, എന്തോ പേരാണെടാ അത്?

ജനുവരി 30th, 2012 § 2അഭിപ്രായങ്ങള്‍

ജോലി സ്ഥലത്ത് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചൈനക്കാരുടെ അയ്യരുകളി ആണ്. എല്ലാ ആഴ്ചയും ഒരുത്തനെങ്കിലും വന്നു ചാടും. ആള്‍ക്കാരൊക്കെ നല്ലത് തന്നെ, പക്ഷെ ഇവന്മാരുടെ പേര് പഠിക്കല്‍ ആണ് ഒരു പണി. ഒറ്റ ശബ്ദം മാത്രം ഉള്ള കുറെ പേരുകളും കൊണ്ട് ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താന്‍. കഴിഞ്ഞ മാസം വന്ന ആള്‍ക്കാരുടെ പേര് എന്നതാന്നു ആരോടേലും ചോദിച്ചാല്‍ എല്ലാവരുടെയും മുഖത്ത് ഒരു അവിഞ്ഞ ചിരി ആണ് ആദ്യം കാണുക, പിന്നെ അവന്റെ മനസ്സില്‍ തോന്നുന്ന ഒരു ലിസ്റ്റ് അങ്ങോട്ട്‌ ഇറക്കും “ഹീ, അല്ല ഹോ, അല്ല ഹൂ, അപ്പൊ അടുത്ത ആള് തിരുത്തും, അതല്ല ശരിയായ പേര് ഹ്വി, അതല്ല ന്ഘി എന്നൊക്കെ. എന്തൊരു പണ്ടാരം എന്ന് കരുതി അവരോടു നേരിട്ട് ചോദിച്ചാലും നമുക്ക് പറയാന്‍ പറ്റാത്ത ഏതേലും ഒരു ഒറ്റ ശബ്ദം ആയിരിക്കും മറുപടി. നമ്മള്‍ എല്ലാം മനസ്സിലായ ഒരു മുഖത്തോട് കൂടി ങാ, ആ തേങ്ങ തന്നെ എന്ന് മനസ്സില്‍ പറഞ്ഞു അവിടുന്ന് സ്ഥലം വിടും.

അടുത്തിടെ ആണ് ഇവരുടെ പേരുകള്‍ പറയുന്നതിന് ഒരു റൂള്‍ ഒക്കെ ഉണ്ടെന്നു മനസ്സിലാക്കിയത്. ആദ്യം പറഞ്ഞ പോലെ ഹി, ഹു, ഹോ, ഹൌ എന്ന് മാത്രം ആണ് അവരുടെ ഫസ്റ്റ് നെയിം എങ്കില്‍ അവരുടെ രണ്ടാമത്തെ പേരിന്റെ പുറകെ ആദ്യത്തെ പേര് വിളിക്കുന്നതാണ് അവരുടെ പതിവ്. ഉദാഹരണത്തിന് Yu Cheng എന്ന് പേരുള്ള ആള്‍ടെ ഫസ്റ്റ് നെയിം വു എന്ന ഒറ്റ ശബ്ദം ആയതിനാല്‍ ഇയാളെ ChengYu എന്ന് വിളിക്കണം. ഇനിയും മനസ്സിലായില്ലേല്‍ Thi Chang എന്ന് പേരുള്ളവനെ ചന്തി എന്ന് വിളിക്കണം എന്ന്. 2 സ്വരങ്ങള്‍ ഉള്ള ഫസ്റ്റ് നെയിം ഉള്ള ആള്‍കാരെ അത് മാത്രം വിളിച്ചാല്‍ മതി. അതായത് Xengxuan Shi എന്ന പേരുള്ള ആളെ ആദ്യതെത് മാത്രം (അത് പറയാന്‍ ഉള്ള ആ ‘അത്’ ഉണ്ടേല്‍) വിളിച്ചാല്‍ മതി.

കഴിഞ്ഞ ദിവസം വന്നു ചാടിയ ഒരു പെങ്കൊച്ചിന്റെ പേര് wenwen എന്നായിരുന്നു. ഒരിക്കല്‍ അവള്‍ടെ ഫോണ്‍ റിംഗ് ചെയ്തപ്പോ അടുത്തിരിക്കുന്ന ആള് ആദ്യം Whywhy , പിന്നെ Howhow എന്നും വിളിച്ചു നോക്കി, അവനു അറിയാഞ്ഞിട്ടു ചെയ്തതായിരുന്നു, What ,Why ,How ,When എന്നാണല്ലോ ഒരു ഓര്‍ഡര്‍!. നിങ്ങളോട് ഞാന്‍ പറയുമ്പോ അവന്‍ വിളിച്ച പേരുകളുടെ ലിസ്റ്റില്‍ whatwhat കൂടെ ചേര്‍ക്കും. `നമുക്ക് ഇത് ഒരു തമാശ, അവര് അനുഭവിക്കുന്ന ഗതികേട് അവര്‍ക്കല്ലേ അറിയൂ, വെറുതെ അല്ല അമേരിക്കയില്‍ പോകുമ്പോ എല്ലാ ചൈനക്കാര്‍ക്കും ഒരു ഇംഗ്ലീഷ് പേരും കൂടെ കൈയില്‍ കരുതുന്നത് , ഹു അവിടെ Stefen ആകുന്നു, ഹി Elizabethഉം.

നമ്മള്‍ അധികം ചിരിക്കണ്ട, ചൈനക്കാരുടെ പേര് പറയുന്നത് വളരെ എളുപ്പം ആയതാണ് കഷ്ടം എങ്കില്‍ നമ്മുടെ പേര് പറയാനുള്ള കഷ്ടപ്പാട് കൊണ്ടാണ് നമ്മളെ ആള്‍കാര് ഓര്‍മിക്കുന്നത്‌. ധനഞ്ജയന്‍ എന്നും ശാര്ങ്ങധരന്‍ എന്നും ഒക്കെ പറഞ്ഞാല്‍ സായിപ്പിന്റെ നാവിനു കെട്ട് വീഴും. പിന്നെ അത് അഴിക്കാന്‍ നാഗലക്ഷ്മി എന്നും വടയക്ഷി എന്നുമൊക്കെ പറയിക്കേണ്ടി വരും. പിന്നെ കടിച്ചാല്‍ പൊട്ടാത്ത ചില സെക്കന്റ്‌ നെയിം, ഉദാഹരണത്തിന് വലവീശിപ്പിടിക്കല്‍ അല്ലേല്‍ തടിയന്റെകാലിന്റെടേല്‍ തുടങ്ങിയ സാധനങ്ങള്‍ കൂടെ ആകുമ്പോ എല്ലാം ശുഭം. പിന്നെ ഉള്ളത് ഇംഗ്ലീഷില്‍ വായിക്കുമ്പോള്‍ അര്‍ഥം മാറി പോകുന്ന ചില പേരുകള്‍ ആണ്, ഉദാഹരണത്തിന് ടിറ്റി അല്ലേല്‍ അനസ്, പാവം Titties ആന്‍ഡ്‌ Anus. മലയാളം അറിയാവുന്നത് കൊണ്ട് നമ്മള്‍ക്ക് ലോകത്തിലെ ഏതു ശബ്ദവും ഉച്ചരിക്കാം എന്നുള്ള ഒരു അഹങ്കാരം നമുക്ക് ഉണ്ട്. പക്ഷെ ആ കഴിവ് ലോകത്തിലെ എല്ലാര്‍ക്കും ഇല്ലെന്നും നമ്മള്‍ തിരഞ്ഞെടുക്കുന്ന പേരുകള്‍ അടുത്ത തലമുറയ്ക്ക് ജീവിതകാലത്തിനുള്ള ഒരു കോടാലി ആകരുതെന്നും നാം ഓര്‍ത്താല്‍ അവര്‍ക്ക് കൊള്ളാം.

Johnny cashന്റെ A boy named Sue എന്ന പാട്ട് ആണ് മനസ്സിലോട്ടു വരുന്നത്. തനിക്കു ഒരു പെണ്ണിന്റെ പേര് ഇട്ട അച്ഛനെ തേടി മകന്‍ പോകുന്ന ഒരു കഥ.

മീനച്ചില്‍ ആറിന്റെ കരയും, കള്ളും കപ്പയും…

ജനുവരി 29th, 2012 § 2അഭിപ്രായങ്ങള്‍

എല്ലാ മലയാളിയും മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു ആഗ്രഹം. തന്റെ നല്ല കാലം മൊത്തം എവിടെയേലും ഒക്കെ പണി എടുത്തു കുറച്ചു ചിക്കിലി ഉണ്ടാക്കി അവസാനം സ്വന്തം നാട്ടില്‍ ചെന്ന് സെറ്റില്‍ ആകുക എന്ന മനോഹരമായ സ്വപ്നം. ജോര്‍ജ് തേക്കുംമൂട്ടില്‍ തന്റെ ഭാവനയിലെ റിട്ടയര്‍മെന്റ് ജീവിതത്തെ പറ്റി പറയുന്നത് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ലഡ്ഡു പൊട്ടാത്ത മറുനാടന്‍ മലയാളികള്‍ കാണുമോ? മറുനാടന്‍ മലയാളികള്‍ മാത്രമല്ല, എല്ലാ മലയാളിയും മനസ്സിന്റെ ഉള്ളില്‍ സൂക്ഷിക്കുന്ന ഒരു സ്വപ്നം ആയിരിക്കും ഇത്. മറുനാടന്‍ മലയാളി എങ്ങനെയേലും തിരിച്ചു നാട്ടില്‍ ചെല്ലാന്‍ നോക്കിയിരിക്കുന്നു. നാട്ടില്‍ ഉള്ള മലയാളിയാണേല്‍ എങ്ങനെയേലും അമേരിക്കയിലോ ദുബായിലോ പോയി കുറച്ചു കാശ് സമ്പാദിക്കാന്‍ നോക്കുന്നു, പക്ഷെ വെളിയിലോട്ട്‌ ചാടിയ ഉടനെ ഇവരും എല്ലാ മറുനാടന്‍ മലയാളികളുടെയും പോലെ നാട്ടിലോട്ടു തിരിച്ചു പോകുന്ന ദിവസത്തിനായിട്ടുള്ള കാത്തിരിപ്പ്‌ തുടങ്ങുന്നു. എല്ലാവരും പറയുന്ന ഒരു സ്ഥിരം പല്ലവി ഉണ്ട്, “കുറച്ചു കാശൊക്കെ ആകട്ടെ, അപ്പൊ ഞാന്‍ തിരിച്ചു പോകും”. എത്രയാണ് ഈ കുറച്ചു കാശ് എന്നത്? വരുവാണേല്‍ തന്നെ ആ ദിവസം എന്ന് വരും? നമ്മുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ഈ സ്വപ്നസാക്ഷാത്കാരതിനായി ചെലവഴിച്ചു ഒടുവില്‍ എന്നെങ്കിലും നാട്ടില്‍ തിരിച്ചു വരുമ്പോഴേക്കും ജീവിതത്തിന്റെ നല്ല നാളുകള്‍ കടന്നു പോയിരിക്കും. നല്ല ഒരു നാളെ എന്ന സ്വപ്നം യാഥാര്‍ത്ഥ്യം ആക്കാന്‍ വേണ്ടി ഉള്ള നെട്ടോട്ടത്തില്‍ ഇപ്പോള്‍ ഉള്ള ജീവിതം അനുഭവിക്കാനും ആസ്വദിക്കാനും അതിലെ ചെറിയ സന്തോഷങ്ങള്‍ തിരിച്ചറിയാനും നമ്മള്‍ മറക്കുന്നുവോ?

ചേട്ടാ, ഒരു ടിക്കറ്റ്‌ എടുത്തു തരാവോ?

ജനുവരി 27th, 2012 § 2അഭിപ്രായങ്ങള്‍

രംഗം : ഒരു റെയില്‍വേ സ്റ്റേഷന്‍ (അവരവരു പോകുന്ന റെയില്‍വേ സ്റ്റേഷന്‍ന്റെ പേര് ഇട്ടോളൂ), രാവിലെ 8 മണി, 3 ട്രെയിനുകള്‍ അടുപ്പിച്ചു പോകുന്നത് കൊണ്ട് ഒടുക്കത്തെ തിരക്ക്. 20 പേര് ക്യൂ നില്‍ക്കുന്നു. ടിക്കറ്റ്‌ കൌണ്ടര്‍ന്റെ അടുത്ത് വരെ ക്യൂവില്‍ എത്തി നിക്കുന്ന ഒരു ചെറുപ്പകാരനും ഇപ്പൊ കയറി വന്ന മറ്റൊരാളും തമ്മിലുള്ള ഒരു ചെറിയ സംഭാഷണം. ഒരു സൌകര്യത്തിനു നമുക്ക് ചെറുപ്പക്കാരനെ ധനഞ്ജയന്‍ എന്നും മറ്റേ പുള്ളിയെ അമ്പുജാക്ഷന്‍ എന്നും വിളിക്കാം. (റെയില്‍വേ സ്റ്റേഷനില്‍ ക്യൂ നില്‍ക്കുന്നത് പതിവില്ലാത്ത ആള്‍കാര്‍ ഉണ്ടേല്‍ ഇതേ രംഗം ഒരു ബീവറേജസ് കോര്‍പറേഷന്‍ന്റെ ക്യൂവില്‍ ചിത്രീകരിക്കുക, ടിക്കെട്ടിനു പകരം ഒരു Mc വിസ്ക്കി).

അമ്പുജാക്ഷന്‍ : ചേട്ടാ, ഒരു ടിക്കറ്റ്‌ എടുത്തു തരാവോ?
ധനഞ്ജയന്‍: ചേട്ടാ, എന്റെ പുറകില്‍ ഈ നില്‍ക്കുന്ന ആള്‍ക്കാര്‍രൊക്കെ ഇതേ ട്രെയിനിനു ടിക്കറ്റ്‌ എടുക്കാന്‍ നില്‍ക്കുന്നവര്‍ ആണ്, ഞാന്‍ ചേട്ടന് ഈ ടിക്കറ്റ്‌ മേടിച്ചു തന്നാല്‍ പിന്നെ ഇവരൊക്കെ എന്തോന്നിനാ ഇവിടെ നിക്കുന്നെ?, ഇവിടെ നിക്കുന്ന എല്ലാവര്ക്കും സമ്മതം ആണേല്‍ ഞാന്‍ എടുത്തു തരാം, ചേട്ടന്‍ എല്ലാവരോടും ചോദിച്ചിട്ട് വാ
അമ്പുജാക്ഷന്‍ : അതല്ല, ഒരൊറ്റ ടിക്കറ്റ്‌ മതി, കുറച്ചു വൈകി പോയി, അത് കൊണ്ടാ
ധനഞ്ജയന്‍: എല്ലാവര്ക്കും ഒരു ടിക്കറ്റ്‌ മതി, ചേട്ടന്‍ വൈകി പോയത് കൊണ്ട് നേരത്തിനു വന്നു ക്യൂ നില്‍ക്കുന്ന ആള്‍ക്കാര്‍ വൈകുന്നത് ശരി ആണോ?

ക്യൂ ഉള്ള എവിടെയും നമ്മള്‍ കാണുന്ന ഒരു കാഴ്ച ആണിത്. നമ്മള്‍ (മലയാളികള്‍ മാത്രം അല്ല, എല്ലാ ഇന്ത്യകാരും) ഈ സംഭവത്തെ രണ്ടു ആംഗിളില്‍ കാണും. ഒന്ന്, ഈ ചെക്കന് വലിയ അഹങ്കാരം ആണല്ലോ, അയാള്‍ ഒരു ടിക്കറ്റ്‌ അല്ലെ ചോദിച്ചുള്ളൂ, അല്ലാതെ അവന്റെ അപ്പന്റെ സ്വത്തൊന്നും ചോദിച്ചില്ലല്ലോ. രണ്ടു, ചെക്കന്‍ കൊള്ളാമല്ലോ,അവന്‍ ഒന്ന് പ്രതികരിച്ചല്ലോ, ഈ എര്‍പാടും കൊണ്ട് ഇറങ്ങിയേക്കുന്ന എല്ലാ തെണ്ടികള്‍ക്കും ഇത് പോലെ തന്നെ എല്ലാവരും മറുപടി കൊടുത്തിരുന്നേല്‍ ഈ പരിപാടി എന്നേ നിന്ന് പോയേനെ. ഇതില്‍ ഇതാണ് ന്യായമായ കാഴ്ചപാട്?.

ഈ പരിപാടി നമുക്ക് ഒരു ശീലമായിക്കഴിഞ്ഞിരിക്കുന്നു, അത് ഒരു തെറ്റല്ല, ചിലര്‍ വളരെ കാലമായി പ്രാക്ടീസ് ചെയ്തു വളര്‍ത്തി എടുത്ത ഒരു കലയാണ്‌ അത്, അതിനെ നമ്മള്‍ അംഗീകരിക്കണം എന്നതാണ് ചിലപ്പോ നമ്മുടെ ഒരു നിലപാട്. ഇത് നമ്മളും ചിലപ്പോ ചെയ്യും, അപ്പൊ ഇത് നമുക്ക് തെറ്റായി തോന്നുകയും ഇല്ല. ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന ഒരു ധാരണയില്‍ അങ്ങ് പോകുന്നു. അപ്പൊ ആദ്യമായി നമ്മുടെ നാട്ടിലോട്ടു വന്ന ഒരാളുടെ സ്ഥിതി എന്താണ്. ഒരു നാട്ടിലെ എല്ലാ പരിചയക്കാരും പരസ്പരം ടിക്കറ്റ്‌ എടുത്തു കൊടുത്തു കഴിയുമ്പോഴേക്കും ഇയാളുടെ വണ്ടി അടുത്ത സ്റ്റേഷന്‍ വിട്ടു കാണും!

നമ്മളില്‍ എത്ര പേര് ഇതിനെ പറ്റി ചിന്തിക്കുന്നു, ഇതില്‍ എത്ര പേര് പ്രതികരിക്കുന്നു. നമ്മുടെ സമയത്തിന് വില ഉള്ളത് പോലെ തന്നെ എല്ലാവരുടെയും സമയത്തിനും വില ഇല്ലേ?

ഹോ, ഒരു മനുഷ്യനെ ഒരു ആപത്തിലോട്ടു തള്ളി വിട്ടപ്പോ എന്തൊരു ആശ്വാസം!

ജനുവരി 26th, 2012 § 1 അഭിപ്രായം

ഒരു വര്‍ഷം കഴിഞ്ഞു അവധിക്കു നാട്ടില്‍ ചെന്നത് കുറച്ചു നാള് സമാധാനം ആയി ഇരിക്കണം, കൂട്ടുകാരെ ഒക്കെ ഒന്ന് കാണണം, എല്ലാവരുടേം കൂടെ പുഴകടവില്‍ ഇരുന്നു നല്ല കള്ളും കപ്പയും കഴിക്കണം എന്നൊക്കെ കരുതി ആണ്. പിന്നെ രണ്ടു കല്യാണങ്ങള്‍ കൂടണം, ഒന്ന് കൂട്ടുകാരന്റെയും ഒന്ന് കുടുംബത്തിലെയും. ഒരു ദിവസം വൈകിട്ട് കവലയിലൂടെ ചുമ്മാ നടന്നപ്പോ നമ്മുടെ ഡെന്നിസ് ചേട്ടനെ കണ്ടു, ആളുടെ സന്തോഷം കണ്ടപ്പോ വൈകിട്ട് രണ്ടെണ്ണം വിട്ടേച്ചു വീട്ടി പോകുന്ന വഴി ആണ് എന്ന് തോന്നി. “മോനെ, നീ എപ്പോ എത്തി, എത്ര നാള്  നാട്ടില്‍ കാണും?” വരുന്നതിനു മുമ്പേ തന്നെ എപ്പോളാണ് പോകുന്നത് എന്ന പോലെ ഉള്ള രണ്ടാമത്തെ ഭാഗം അത്ര രസിചില്ലേലും അത് കാണിക്കാതെ ഞാന്‍ പറഞ്ഞു, ചേട്ടാ, ഇന്നലെ എത്തിയതെ ഒള്ളൂ, ഒരു ഒന്നര മാസം നാട്ടില്‍ കാണും. “ഒന്നര മാസമോ, എന്താ മോനെ കല്യാണം വല്ലോം കഴിക്കാന്‍ ആണോ ഇത്രേം നാള് ലീവ്?”  വായില്‍ തെറി ആണ് വന്നതെങ്കിലും “അല്ല ചേട്ടാ, ഞാന്‍ ചുമ്മാ വന്നതാ, കല്യാണപ്രായം ഇത് വരെ ആയിട്ടില്ല, ഞാന്‍ ഇപ്പോളും ചെറുപ്പം ആണ്” എന്ന് പറഞ്ഞു ഞാന്‍ നടക്കാന്‍ തുടങ്ങി. മോന് എത്ര വയസ്സായി എന്ന് പുള്ളി ചോദിച്ചത് കേള്‍കാത്ത ഭാവം നടിച്ചു അവിടുന്ന് രക്ഷപ്പെട്ടു.

വീട്ടിലേക്കു പോകുന്ന വഴിയില്‍ ഒക്കെ ഞാന്‍ ആലോചിക്കുവായിരുന്നു, ഇതേ ചോദ്യം ഇനി കാണുന്ന എല്ലാവരും ചോദിക്കും, എല്ലാവരുടേം അടുത്ത് നിന്നും ഇത്രേം എളുപ്പത്തില്‍ സ്കൂട്ട് ആവാന്‍ പറ്റി എന്ന് വരില്ല. കുറച്ചു കൂടെ നല്ല ആന്‍സര്‍ കണ്ടു പിടിക്കണം. പക്ഷെ മനസ്സ് ഒരു മറുചോദ്യം ചോദിച്ചു, കല്യാണം എന്നത് എന്റെ പേര്‍സണല്‍ കാര്യം അല്ലെ? ഞാന്‍ എപ്പോ കല്യാണം കഴിക്കണം എന്നത് എന്റെ മാത്രം തീരുമാനം അല്ലെ?

കുറച്ചു നാള് കഴിഞ്ഞു അമ്മവീട്ടില്‍ ചെന്നപ്പോള്‍ അമ്മായിമാരെ കണ്ടു. ഡെന്നിസ് ചേട്ടനെ ഒഴിവാക്കിയ പോലെ അവിടെ കാര്യങ്ങള്‍ നടന്നില്ല. എനിക്ക് കല്യാണപ്രായം ആയി എന്ന് അവര്‍ അങ്ങോട്ട്‌ തീരുമാനിച്ചു കഴിഞ്ഞിരുന്നു. ഞാന്‍ ആദ്യം വിഷയം മാറ്റാന്‍ ശ്രമിച്ചു, കേള്‍ക്കാത്ത ഭാവം നടിച്ചു,  സ്നേഹപൂര്‍വ്വം നിരസിച്ചു. എന്നിട്ടും രക്ഷ ഇല്ല, അവര് വിടുന്ന മട്ടില്ല എന്ന് മനസ്സിലായപ്പോ “എന്റെ കാര്യം നോക്കാന്‍ എനിക്ക് അറിയാം, എനിക്ക് കല്യാണം കഴിക്കണം എന്ന് തോന്നുമ്പോ അതിനു പറ്റുന്ന ആരെയേലും കണ്ടു കിട്ടുവാണേല്‍ ഞാന്‍ കെട്ടും, വല്ല സഹായവും ആവശ്യം ഉണ്ടേല്‍ ഞാന്‍ അറിയിക്കാം, ഇപ്പൊ എന്നെ വെറുതെ വിട്ടേരെ” എന്ന് പറഞ്ഞു അവിടുന്ന് തല ഊരി. ആണ്‍പെണ്‍ ഭേദമെന്യേ ഇത് ഇന്നത്തെ ‘വയസ്സറിയിച്ച’ എല്ലാവരും നേരിടുന്ന ഒരു പ്രശ്നം ആണല്ലോ. നമ്മുടെ നാട്ടിലെ സാമൂഹിക സമ്മര്‍ദം കാരണം കല്യാണം കഴിക്കാന്‍ നിര്‍ബന്ധിതര്‍ ആകുന്ന പലരും ഉണ്ട്, അത് ആണാകട്ടെ, പെണ്ണാകട്ടെ. നാട്ടുക്കാരുടെ ശല്യം സഹിക്കാന്‍ വയ്യാതെ ഒരു കല്യാണം കഴിച്ചു എന്ന് തന്നെ വച്ചോ, അപ്പൊ ഇവന്മാര് പിന്നേം വരും “എന്താ മോനെ, ഒരു കുഞ്ഞിക്കാലോക്കെ കാണേണ്ടേ?” എന്ന് ചോദിച്ചോണ്ട്. പിന്നെ അത് കാണാതെ ഇവനൊന്നും ഉറക്കം വരില്ല. അത് കണ്ടു കഴിഞ്ഞാല്‍ പിന്നെ അവന്മാര് സുഖം ആയി ഉറങ്ങിക്കോളും, പക്ഷെ കൊച്ചിന്റെ തൊള്ളതുറക്കല്‍ കാരണം നമ്മുടെ ഉറക്കം ഗോപി. ഇതൊക്കെ കണ്ടു അവന്മാര് മനസ്സില്‍ പറയും “ഒരു മനുഷ്യനെ ഒരു ആപത്തിലോട്ടു തള്ളി വിട്ടപ്പോ എന്തൊരു ആശ്വാസം”. പിന്നെ ഇതില്‍ കാണുന്ന പോലെ ഉള്ള ചില അവന്മാര്‍ 21 വയസ്സില്‍ കെട്ടിയാല്‍ എന്താ (see  5:50 min)എന്ന് ചോദിച്ചാല്‍ നമ്മള്‍ ഈ നാട്ടില്‍ എങ്ങനെ ജീവിക്കും. വെറുതെ അല്ല 30  വയസ്സായി എന്ന് പറഞ്ഞാല്‍ “അയ്യേ, എനിക്കെങ്ങും വേണ്ട ആ കെളവനെ” എന്ന് പെണ്‍പിള്ളേര് പറയുന്നത്.

രണ്ടു കല്യാണങ്ങള്‍ കൂടാന്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞുവല്ലോ, അതിനൊക്കെ പോയപ്പോളാണ് കൂട്ടുകാരൊക്കെ കല്യാണം കഴിച്ചു settle  ആകുവാണ് എന്ന ദുഖസത്യം മനസ്സിലാക്കിയത്. ഇവന്മാരൊക്കെ ഇത്ര പെട്ടെന്ന് എങ്ങനെ മാറി പോയി എന്ന് ആലോചിച്ചപ്പോ നാട്ടില്‍ നിക്കുന്നവര്‍ക്ക് societal  pressure താങ്ങാന്‍ പറ്റുന്നുണ്ടാകില്ല എന്ന് തോന്നി. ജീവിതഭാരം താങ്ങാന്‍ പറ്റാതെ ജീവിതം ഒരു മുഴം കയറില്‍ അവസാനിപ്പിക്കുന്ന പോലെ വീട്ടുകാരും നാട്ടുകാരും കാണിച്ചു കൊടുക്കുന്ന പെണ്ണിന്റെയോ ചെക്കന്റെയോ മാല കഴുത്തില്‍ കുരുക്കി അവരും പുതിയ ഒരു ജീവിതം തുടങ്ങുന്നു. ആ ജീവിതത്തില്‍ ചിലര്‍ പഴയതിനെ മൊത്തമായി തുടച്ചു നീക്കി പുതിയതിനെ സ്വീകരിക്കുന്നു, ചിലര്‍ പഴയ ജീവിതവും ബന്ധങ്ങളും ഒരു ചെറിയ sidestory ആയി ഓടിക്കുന്നു, വിരളം ആയ മറ്റു ചിലര്‍ രണ്ടു ജീവിതങ്ങളും ഒന്നിച്ചു കൊണ്ട് പോകുന്നു. ആദ്യത്തെ കൂട്ടരെ നിങ്ങള്‍ നന്നായി അറിയും, കല്യാണം കഴിഞ്ഞാല്‍ പിന്നെ ഒരു പരിചയവും ഇല്ലാതെ ആകുന്ന ആള്‍കാര്‍, വഴിയില്‍ വച്ച് കണ്ടാല്‍ ചിലപ്പോ ഒരു ഔദാര്യം പോലെ രണ്ടു വാക്ക് മിണ്ടിയേക്കും. രണ്ടാമത്തെ കൂട്ടര്‍ പഴയ ബന്ധങ്ങള്‍ ഒരു അളവ് വരെ നില നിര്‍ത്തും. പക്ഷെ ഇവരെ മിക്കവാറും ഫോണില്‍ മാത്രമേ കിട്ടുള്ളൂ. നേരില്‍ കാണാനും സമയം ചെലവഴിക്കാനും ഇവര്‍ക്ക് നേരമുണ്ടാകില്ല. മൂന്നാമത്തെ കൂട്ടര്‍ (ഇവര്‍ എണ്ണത്തില്‍ തീരെ കുറവാണ്) കല്യാണം കഴിഞ്ഞാലും പഴയ പോലെ ഒക്കെ തന്നെ ആയിരിക്കും. കല്യാണം കഴിച്ച പെണ്ണിന്/ചെക്കന് കല്യാണത്തിന് മുമ്പ് ഒരു ജീവിതവും, കുടുംബവും, സുഹൃത്തുക്കളും ഒക്കെ ഉണ്ടായിരുന്നു എന്ന സത്യം ഇവര്‍ മനസ്സിലാക്കിയവര്‍, അത് കൊണ്ട് ഇവര്‍ സ്വന്തം കൂട്ടുകാരെയും അവന്റെ/അവളുടെ കൂട്ടുകാരെയും ഒക്കെ ഒരേ ജീവിതത്തിന്റെ ഭാഗം ആയി കണക്കാക്കുന്നു. ഇവര്‍ കുറച്ചു കൂടെ വിശാലമായി ചിന്തിക്കുന്നവര്‍, ബാക്കി ഉള്ളവരെ കുറ്റം പറയുകയല്ല, ഒരു കല്യാണം കഴിച്ചാല്‍ സ്വന്തം കുടുംബത്തില്‍ ഉള്ള കോടാലികള്‍ കൂടാതെ മറ്റേ ആളുടെ കുടുംബത്തിലെ കോടാലികള്‍ കൂടെ നമ്മുടെ തലയില്‍ വന്നു കേറില്ലേ? പണ്ടായിരുന്നേല്‍ നാട്ടിലെ ഷാപ്പില്‍ കേറി കുറച്ചു കള്ള് കുടിച്ചാല്‍ നമ്മുടെ കുടുംബത്തെ അറിയുന്നവര് മാത്രമേ വീട്ടില്‍ ചെന്ന് കൊളുത്തി കൊടുക്കൂ, കല്യാണത്തിന് ശേഷം ഈ കരിങ്കാളികളുടെ ശ്ര്ഖല അവള്‍ടെ ബന്ധുക്കളെയും കൂടെ കൂട്ടി വിപുലീകരിക്കപെട്ടെക്കുവല്ലേ?

PS  : ഇതൊക്കെ നമ്മള്‍ക്ക് ഒരു തമാശ പോലെ പറഞ്ഞു ചിരിക്കാം, പക്ഷെ കേവലം സാമൂഹിക സമ്മര്‍ദം മൂലം നമ്മള്‍ നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കുന്നത് ന്യായമാണോ? നമ്മളെ പോലെ തന്നെ മറ്റേ ആള്‍ക്കും തന്റെ ജീവിതത്തില്‍ ചില കാഴ്ചപാടുകള്‍ ഉണ്ടാകും. രമ്യമായ ഒരു ജീവിതത്തിനു വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരും, ഇതിനു നമ്മള്‍ ഇപ്പോഴത്തെ നിലയില്‍ തയാറാണോ? ആണെങ്കില്‍ തന്നെ എവിടെയാണ് വിട്ടുവീഴ്ച്ചകളുടെ പരിധി? ഇത് കെട്ടാന്‍ പോകുന്നവര്‍ മാത്രം ചിന്തിക്കേണ്ട ഒരു കാര്യമല്ല, വിവാഹിതരും ആലോചിക്കേണ്ടുന്ന കാര്യമാണ്.

Pavanaayi returns

ജനുവരി 25th, 2012 § ഒരു അഭിപ്രായം ഇടൂ

കുറെ കാലമായി വിചാരിക്കുന്നു ഒരു ബ്ലോഗ്‌ എഴുതി തുടങ്ങണം എന്നത് . എന്തിനെ കുറിച്ച് എഴുതും എന്നതായിരുന്നു ആശയകുഴപ്പം. ഈ തവണ നാട്ടില്‍ പോയപ്പോള്‍ ഉണ്ടായ ചില അനുഭവങ്ങള്‍ ഇത് തുടങ്ങാന്‍ പ്രേരിപ്പിച്ചു.

പ്രധാന പ്രശ്നം ഒരു നല്ല പേര് കണ്ടു പിടിക്കല്‍ ആയിരുന്നു. എല്ലാ ബ്ലോഗിങ്ങ് പുലികളും പണ്ടേ തന്നെ നല്ല പേരുകള്‍ ഒക്കെ കരസ്തം ആക്കി വച്ചെക്കുവല്ലേ , അപ്പൊ നമ്മളെ പോലെ ഉള്ള പുതു മുഖങ്ങള്‍ക്കു ചാന്‍സ് എവിടെ. കുറെ തപ്പിയപ്പോ പവനായി എന്ന പേരും കുഞ്ഞുണ്ണിമാഷ്‌ എന്ന പേരും കിട്ടി. കുഞ്ഞുണ്ണിമാഷ്‌ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ആള് കുറച്ചു സീരിയസ് ആണെന്നും ഒരു ഉപദേശി ആണെന്നും ഒക്കെ തോന്നും. ഫ്രീ ആയി ഉപദേശം നാട്ടില്‍ എല്ലാവര്‍ക്കും ഇഷ്ടം പോലെ കിട്ടുന്നത് കൊണ്ട് മിക്കവാറും ആള്‍കാര്‍കു അത് അത്ര പഥ്യം ആയിരിക്കില്ല. അത് കൊണ്ട് അത് വേണ്ടെന്നു വച്ചു . പക്ഷെ പവനായിയെ അറിയാത്ത മലയാളി ഉണ്ടോ, അടിസ്ഥാനപരമായി വളരെ ബുദ്ധിമാനായ ആള് , പക്ഷെ ദാസന്റെയും വിജയന്റെയും മണ്ടത്തരങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാതെ അകാലത്തില്‍ പൊലിഞ്ഞു പോയ ഒരു പാവം പ്രൊഫഷണല്‍ കില്ലര്‍, അത് കൊണ്ട് ആ പുള്ളിയുടെ പാവന സ്മരണയ്കായി ഈ ബ്ലോഗിനെ പവനായി എന്ന് നാമകരണം ചെയ്തു. പേര് അങ്ങനെ ആണെന്ന് വച്ചു ഈ പവനായി ഒരു വാടക കൊലയാളി അല്ല, മലപ്പുറം കത്തി പോയിട്ട് ഒരു പീച്ചാകത്തി പോലും കൈയില്‍ കൊണ്ട് നടക്കാത്ത പ്രകൃതം. അത്യാവശ്യം rational ആയി ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്ന ഒരു ഇടത്തരം മലയാളി. ഇടയ്ക്കിടെ ചില ചിന്തകളും ധാര്‍മികരോഷങ്ങളും ഒക്കെ മനസ്സില്‍ കടന്നു വരുമ്പോള്‍ അത് ആരോടെങ്കിലും പങ്കു വെക്കണം എന്ന് മോഹം ഉള്ള ഒരു സാധാരണ മനുഷ്യന്‍.

ഈ ബ്ലോഗില്‍ ഞാന്‍ എഴുതുന്ന കാര്യങ്ങള്‍ എന്റെ മാത്രം കാഴ്ച്ചപാടാണ്. ഇതുമായി പലര്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. അങ്ങനെ സംഭവിച്ചാല്‍ നമുക്ക് രമ്യമായി സംസാരിച്ചു തീര്‍ക്കാം. അല്ലാതെ എന്നെ തീര്‍ക്കാനായി വേറെ പവനായിയെ ഇറക്കരുത്. എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം. ഇപ്പൊ ഇത്രയും മതി. ശേഷം ഭാഗം സ്ക്രീനില്‍.

Where Am I?

You are currently viewing the archives for ജനുവരി, 2012 at അങ്ങനെ പവനായി ശവമായി.

Follow

Get every new post delivered to your Inbox.